സൗജന്യമായി ഭക്ഷണം കിട്ടാന്‍ തോക്കുചൂണ്ടി ഭീഷണി; 25കാരനെ കാത്തിരിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ്  

രാഹുലിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയെന്നും ഏഴ് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു
സൗജന്യമായി ഭക്ഷണം കിട്ടാന്‍ തോക്കുചൂണ്ടി ഭീഷണി; 25കാരനെ കാത്തിരിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ്  

നൊയിഡ:  ഭക്ഷണത്തിന് പണം നല്‍കുന്നതില്‍ നിന്ന് ഒഴിവാകാനായി ആയുധങ്ങള്‍ കാട്ടി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. 25കാരനായ രാഹുലാണ് അറസ്റ്റിലായത്. നൊയിഡയിലെ അഗപ്പുര്‍ സ്വദേശിയാണ് ഇയാള്‍. നൊയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാസ്റ്റ് ഫുഡ് കടയുടമ പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി അടുപ്പിച്ച് കടയില്‍ എത്തുന്ന ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഭക്ഷണം വാങ്ങുകയായിരുന്നെന്ന് ഉടമയുടെ പരാതിയില്‍ പറയുന്നു. ചില ദിവസങ്ങളില്‍ കത്തി പോലുള്ള ആയുധങ്ങളുമായി എത്തുമെങ്കില്‍ മറ്റുപല ദിവസങ്ങളിലും തോക്കുചൂണ്ടായായിരുന്നു ജീവനക്കാര്‍ക്ക് നേരെയുള്ള ഭീഷണി. ഇയാള്‍ക്കൊപ്പം ചില ദിവസങ്ങളില്‍ സുഹൃത്തുക്കളും കടയില്‍ എത്താറുണ്ടായിരുന്നെന്ന് പരാതിയില്‍ പറയുന്നു. 

രാഹുലിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയെന്നും ഏഴ് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു. ഐപിസിയും ആയുധ നിയമവും ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. മുമ്പ് മോഷണം കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com