ഇനി വിമാനങ്ങള്‍ വെളളത്തില്‍ പറന്നിറങ്ങും; രാജ്യത്ത് ജലവിമാന സര്‍വീസുകള്‍ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി 

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഇന്ത്യയില്‍ സ്ഥിരം ജലവിമാന സര്‍വീസുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി.
ഇനി വിമാനങ്ങള്‍ വെളളത്തില്‍ പറന്നിറങ്ങും; രാജ്യത്ത് ജലവിമാന സര്‍വീസുകള്‍ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി 

ന്യൂഡല്‍ഹി: നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഇന്ത്യയില്‍ സ്ഥിരം ജലവിമാന സര്‍വീസുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വിവിധ സംസ്ഥാനങ്ങള്‍ക്കു ജലവിമാനത്താവളം (എയറോഡ്രോം) നിര്‍മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയതായി വ്യോമയാന മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. വിനോദ സഞ്ചാരത്തിനും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനും ഇതുപകരിക്കും. തുടക്കത്തില്‍ ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലായിരിക്കും ജലവിമാനങ്ങള്‍ വരികയെന്നും സുരേഷ് പ്രഭു അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒഡിഷയിലെ ചില്‍ക്ക തടാകം, ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം, സബര്‍മതി നദി എന്നിവിടങ്ങളില്‍ ജലവിമാന സര്‍വീസുകള്‍ അവതരിപ്പിക്കും. ജലവിമാനങ്ങളുടെ ലൈസന്‍സ് നേടുന്നതിനുള്ള ഉപാധികള്‍ ഡിജിസിഎയും പുറത്തിറക്കി. നേരത്തേ അഹമ്മദാബാദിലെ സബര്‍മതി നദി മുതല്‍ മെഹ്‌സാനയിലെ ദാബി ഡാം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജലവിമാനത്തില്‍ സഞ്ചരിച്ചിരുന്നതു വലിയ വാര്‍ത്തയായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ഈ യാത്രയ്ക്കു ശേഷമാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനു ജലവിമാനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്. 

വമ്പന്‍ കമ്പനികള്‍ക്കു ജലവിമാനങ്ങള്‍ വാങ്ങാനുള്ള ആലോചനയുമുണ്ട്. രണ്ടു വര്‍ഷത്തിനകം ഇന്ത്യ 10,000 ജലവിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പുതിയ ഗതാഗത സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com