ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും ;  നഷ്ടം മറികടക്കാന്‍നിരക്ക് വര്‍ധന അത്യാവശ്യമെന്ന് പാര്‍ലമെന്ററി കാര്യസമിതി

പ്രതിവര്‍ഷം 50,000 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതിനായി റെയില്‍വേയ്ക്ക് ചിലവാകുന്നത്. ഇതില്‍ ഒരു ഭാഗം ധനകാര്യമന്ത്രാലയം നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും ;  നഷ്ടം മറികടക്കാന്‍നിരക്ക് വര്‍ധന അത്യാവശ്യമെന്ന് പാര്‍ലമെന്ററി കാര്യസമിതി

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാ നിരക്കുകള്‍ അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതി. ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം സുഗമമായി നടത്തുന്നതിന് കാലോചിതമായി യാത്രാനിരക്കുകളില്‍ വര്‍ധനവ് വരുത്തണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. റെയില്‍വേ 35,000 കോടി രൂപ നഷ്ടത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.   ഇപ്പോഴുള്ള  നിരക്കുകള്‍ പരിഷ്‌കരിക്കാതെ മുന്നോട്ട് പ്രവര്‍ത്തനം അസാധ്യമാണെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്.

പ്രതിവര്‍ഷം 50,000 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതിനായി റെയില്‍വേയ്ക്ക് ചിലവാകുന്നത്. ഇതില്‍ ഒരു ഭാഗം ധനകാര്യമന്ത്രാലയം നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 കാലങ്ങളായി നിരക്ക് പരിഷ്‌കരണം നടത്തുന്നില്ലെന്നും ചില പ്രത്യേക വിഭാഗത്തിലുള്ള ട്രെയിനുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്നും ലഭിക്കുന്ന വരുമാനം പരിമിതമാണെന്നും സമിതി അഭിപ്രായപ്പെട്ടു. ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം വഴി റെയില്‍വേയ്ക്ക് ലഭിക്കുന്ന വരുമാനം പ്രത്യേകം കണക്ക് കൂട്ടണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 

റെയില്‍വേയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുന്നതില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2014-2015 സാമ്പത്തിക വര്‍ഷമൊഴികെ റെയില്‍വേ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സമിതിയുടെ കണ്ടെത്തല്‍. 2013 ല്‍ 2,828 കോടി രൂപയുടെ നഷ്ടവും 2015-18 വരെയുള്ള വര്‍ഷങ്ങളില്‍ യാഥാക്രമം 769 ,2782,8328 കോടി രൂപയുടെയും നഷ്ടം റെയില്‍വേയ്ക്ക് നേരിട്ടതിലും സമിതി വിശദീകരണം തേടിയിട്ടുണ്ട്.

റെയില്‍ ബജറ്റ് പൊതുബജറ്റിനോട് ചേര്‍ത്ത് അവതരിപ്പിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് റെയില്‍വേയുള്ള കാര്യങ്ങളില്‍ ധനകാര്യമന്ത്രായം വേണ്ട പരിഗണന നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പെന്‍ഷന്റെ കാര്യം വരുമ്പോള്‍ റെയില്‍വേ മന്ത്രാലയം ഒറ്റയ്ക്ക് സാമ്പത്തിക ബാധ്യത വഹിക്കേണ്ടി വരുന്നത് നല്ല പ്രവണതയല്ലെന്നാണ് പാര്‍ലമെന്ററി സമിതി അഭിപ്രായപ്പെട്ടത്. 

 13 ലക്ഷത്തിലധികം ജീവനക്കാരാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ റെയില്‍വേയില്‍ ഉള്ളത്. ബിജെഡി നേതാവ് ബിജു ജനതാദള്‍ അധ്യക്ഷനായ സമിതിയാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com