'ഞാന്‍ നിരാശനായി മരിക്കും, ജനകീയാടിത്തറ കമ്യൂണിസ്റ്റുകള്‍ തിരിച്ചു പിടിക്കണം ;ശബ്ദമിടറി സോമനാഥ് ചാറ്റര്‍ജി പറഞ്ഞു 

പ്രമുഖ അഭിഭാഷകനും ദേശീയവാദിയുമായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെയും ബിപാനി ദേവിയുടെയും മകനായി 1929 ജൂലൈ 25 ന് അസമിലെ തെസ്പൂരിലാണ് ചാറ്റര്‍ജി ജനിച്ചത്
'ഞാന്‍ നിരാശനായി മരിക്കും, ജനകീയാടിത്തറ കമ്യൂണിസ്റ്റുകള്‍ തിരിച്ചു പിടിക്കണം ;ശബ്ദമിടറി സോമനാഥ് ചാറ്റര്‍ജി പറഞ്ഞു 

'ഈ പാര്‍ട്ടിയുടെ വംശനാശമാണ് വരാന്‍ പോകുന്നത്.ജനങ്ങളില്ലാതെ നേതാക്കന്‍മാര്‍ മാത്രമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്നു.   ഈ നിരാശയില്‍ ഞാന്‍ മരിച്ചുപോയേക്കു' മെന്ന് ഒരു വര്‍ഷം മുമ്പ് കാരവന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുമ്പോള്‍ സോമനാഥ് ചാറ്റര്‍ജിയെന്ന കരുത്തനായ കമ്യൂണിസ്റ്റിന്റെ വാക്കുകള്‍ മുറിഞ്ഞിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യവും ദീപ്തവുമായ ഒരു കാലഘട്ടമാണ് സോമനാഥ് ചാറ്റര്‍ജിയോടൊപ്പം പടിയിറങ്ങുന്നത്. പറയേണ്ടത് പറഞ്ഞും കമ്യൂണിസ്റ്റ് നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.  പ്രമുഖ അഭിഭാഷകനും ദേശീയവാദിയുമായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെയും ബിപാനി ദേവിയുടെയും മകനായി 1929 ജൂലൈ 25 ന് അസമിലെ തെസ്പൂരിലാണ് ലായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ ജനനം. കൊല്‍ക്കത്തയിലെ പ്രസിഡന്റ്‌സി കോളെജിലും കേംബ്രിഡ്ജിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കി. രാഷ്ട്രീയത്തിലേക്കിറങ്ങും മുന്‍പ് കൊല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു സോമനാഥ് ചാറ്റര്‍ജി.
 
 അച്ഛന്‍ നിര്‍മ്മല്‍ ചന്ദ്രചാറ്റര്‍ജിയുടെ മരണത്തെ തുടര്‍ന്നാണ്
സോമനാഥ് ചാറ്റര്‍ജി ആദ്യമായി ലോക്‌സഭയിലേക്ക് എത്തുന്നത്. സിപിഎം പിന്തുണയുള്ള സ്വതന്ത്രനായായിരുന്നു 1971 ല്‍ ബര്‍ധമാനില്‍ നിന്നുമുള്ള
വിജയം. പശ്ചിമബംഗാളിലെ ബോല്‍പൂര്‍, ജാദവ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായി ഒന്‍പത് തവണ കൂടി ചാറ്റര്‍ജി ലോക്‌സഭയിലെത്തി. മത്സരിച്ച കാലയളവില്‍ 2004 ല്‍ മമതയ്‌ക്കെതിരെ മാത്രം തോല്‍വിയറിഞ്ഞു.1989 മുതല്‍ 2004 വരെ ലോക്‌സഭയില്‍ സിപിഎമ്മിന്റെ ശബ്ദമായിരുന്നു അദ്ദേഹം. 2004 ല്‍ പ്രോ-ടേം സ്പീക്കറും പിന്നീട് സ്പീക്കറുമായി. എതിരില്ലാതെയായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്ക് സോമനാഥ ചാറ്റര്‍ജി എത്തിയത്. ഈ പദവി അലങ്കരിക്കുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് നേതാവെന്ന ബഹുമതിയും സോമനാഥ് ചാറ്റര്‍ജിക്കാണ്. 
 
ആണവക്കരാര്‍ വിഷയത്തില്‍ സിപിഎം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തെ സോമനാഥ് ചാറ്റര്‍ജി എതിര്‍ത്തു. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ വാദം. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്‍വലിക്കുകയാണ് എന്നും സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ പദവി രാഷ്ട്രീയത്തിന് അതീതമാണെന്ന് പറഞ്ഞ് സോമനാഥ് ചാറ്റര്‍ജി രാജി വയ്ക്കാന്‍ വിസമ്മതിച്ചതോടെ അച്ചടക്ക ലംഘനത്തിന് സിപിഎം അദ്ദേഹത്തെ പുറത്താക്കി. 

 കാരാട്ടിന്റെ നേതൃത്വം പാര്‍ട്ടിയെ നേതാക്കളിലേക്ക് മാത്രമായി ചുരുക്കിയെന്ന് സോമനാഥ് ചാറ്റര്‍ജി തുറന്നടിച്ചു. ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് നേടിയ വിജയം നരേന്ദ്രമോദിയുടെ വിജയമാണെന്നും വംശനാശമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞു. പാര്‍ട്ടി പൊളിറ്റിക്‌സിന് അതീതനായിരുന്ന നേതാവായിരുന്നു സോമനാഥ് ചാറ്റര്‍ജി. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ച് ദീര്‍ഘമായ മൗനം പാലിച്ചുവെങ്കിലും അവസാനം അദ്ദേഹം പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വിഷാദം നിറഞ്ഞ ഒന്ന് എന്നായിരുന്നു. കമ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ ശത്രുവല്ലെന്നും തിരികെ പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹവും ചാറ്റര്‍ജി അടുത്തയിടെ പ്രകടിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com