സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു; വിദേശത്തിരുന്ന് ഹാക്കര്‍മാര്‍ കൊള്ളയടിച്ചത് 94.42 കോടി രൂപ

2,800 കള്ള ഇടപാടുകളിലായി 2.5 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അപഹരിക്കപ്പെട്ടത്. 400 ഡെബിറ്റ് കാര്‍ഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കപ്പെട്ടതെന്ന് പൊലീസ് കരുതുന്നു
സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു; വിദേശത്തിരുന്ന് ഹാക്കര്‍മാര്‍ കൊള്ളയടിച്ചത് 94.42 കോടി രൂപ

പൂനെ: പൂനെ കോസ്‌മോസ് കോ-ഓപറേറ്റീവ് ബാങ്കില്‍ നിന്നും ഹാക്കര്‍മാര്‍ 94.42 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ബാങ്കിലെ വിവിധ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന പണമാണ് രണ്ട് തവണയായി ഹാക്കര്‍മാര്‍ തട്ടിയെടുത്തത്.

ഇക്കഴിഞ്ഞ പതിനൊന്നാം തിയതി വൈകുന്നേരം മൂന്ന് മണിക്കും രാത്രി പത്ത് മണിക്കും ഇടയിലും പതിമൂന്നിന് രാവിലെ പതിനൊന്നരയ്ക്കുമാണ് പണം പിന്‍വലിക്കപ്പെട്ടതെന്നുമാണ് ബാങ്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ സമയത്ത് എടിഎം സെര്‍വറുകള്‍ തകരാറിലായിരുന്നുവെന്നും എടിഎം കാര്‍ഡുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

2,800 കള്ള ഇടപാടുകളിലായി 2.5 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അപഹരിക്കപ്പെട്ടത്. 400 ഡെബിറ്റ് കാര്‍ഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കപ്പെട്ടതെന്ന് പൊലീസ് കരുതുന്നു. 78 കോടി രൂപ വേറെ 12,000 വിസ കാര്‍ഡുകളുപയോഗിച്ച് ഹോങ്കോങിലെ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 2.50 രൂപയും 13.92 കോടി രൂപയും ഇന്ത്യയ്ക്കുള്ളില്‍ തന്നെ ട്രാന്‍സ്ഫര്‍ ചെയ്തതായും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതാദ്യമായാണ് ബാങ്കിംഗ് സംവിധാനത്തിന് നേരെ അന്താരാഷ്ട്രതലത്തില്‍ ഇത്ര വലിയ ആക്രമണം ഉണ്ടാകുന്നത്. ഡമ്മി കാര്‍ഡുകള്‍ ഉപയോഗിച്ചും ബാങ്കിന്റെ സ്വിച്ചിങ് സംവിധാനം തകരാറിലാക്കിയുമാണ് തട്ടിപ്പ് നടന്നതെന്ന് കോസ്‌മോസ് ബാങ്ക് ചെയര്‍മാന്‍ മിലിന്ദ് കാലെ പറഞ്ഞു.

ഹോങ്കോങിലെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതായി കാണിച്ചിരുന്നത്. ഇത് അപ്പോള്‍ തന്നെ പിന്‍വലിക്കപ്പെടുകയും ചെയ്തു.
 1906 ല്‍ പൂനെ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട കോസ്‌മോസ് ബാങ്ക് ഏറ്റവും പഴക്കത്തിലും വലിപ്പത്തിലും രണ്ടാം സ്ഥാനത്തുള്ള കോ-ഓപറേറ്റീവ് ബാങ്കാണ്. സംഭവത്തില്‍ ചതുര്‍ശൃംഗി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com