പെരുമഴയില്‍ ഒഴുകി വന്നത് മുതലകള്‍, ഭീതിയോടെ ഗ്രാമങ്ങള്‍; വെള്ളമിറങ്ങാതെ എന്തു ചെയ്യാനെന്ന് വനംവകുപ്പ്‌

ജലനിരപ്പ് പൂര്‍വ്വസ്ഥിതി പ്രാപിച്ചാല്‍ മുതലക്കുഞ്ഞുങ്ങളെ കൂടല്ലൂരുള്ള വക്രമാരി തടാകത്തിലേക്കും വലിയ മുതലകളെ വനം വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റുമെന്നും വനം വകുപ്പ്
പെരുമഴയില്‍ ഒഴുകി വന്നത് മുതലകള്‍, ഭീതിയോടെ ഗ്രാമങ്ങള്‍; വെള്ളമിറങ്ങാതെ എന്തു ചെയ്യാനെന്ന് വനംവകുപ്പ്‌

ചെന്നൈ:  കാവേരി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍തോതില്‍ മുതലകള്‍ തീരങ്ങളിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മുതലശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാവേരിതീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. നദി കരവിഞ്ഞ് ഒഴുകിയതോടെയാണ് ആള്‍പാര്‍പ്പുള്ള സ്ഥലങ്ങളില്‍ മുതലകളെ കണ്ടെത്തിയത്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് പേരെ ഇവിടെ നിന്നും മുതല പിടിച്ചുകൊണ്ടു പോയതായി വനം വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ നദികളിലെ ജലനിരപ്പ് താഴാതെ മുതലകളെ പിടിക്കുക സാധ്യമല്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. 

ചിദംബരത്തെയും കൂടല്ലൂരെയും ഉദ്യോഗസ്ഥര്‍ക്കാണ് ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നും ജലനിരപ്പ് പൂര്‍വ്വസ്ഥിതി പ്രാപിച്ചാല്‍ മുതലക്കുഞ്ഞുങ്ങളെ കൂടല്ലൂരുള്ള വക്രമാരി തടാകത്തിലേക്കും വലിയ മുതലകളെ വനം വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റുമെന്നും വനം വകുപ്പ് അറിയിച്ചു. 

കാവേരി തീരത്തേക്ക് എല്ലാ വര്‍ഷവും ഇരുപതോളം മുതലകള്‍ കയറി വരാറുണ്ടെന്ന് മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.മുതല പിടിക്കുന്നതിനായി ഗ്രാമവാസികള്‍ക്ക് പരിശീലനം നല്‍കിയെങ്കിലും നദിയിലെ ജലനിരപ്പ് കൂടുതലായതിനാല്‍ വിദഗ്ധരുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com