വിദേശസഹായം സ്വീകരിക്കാന്‍ നയം തടസ്സമെന്ന കേന്ദ്ര വാദം തെറ്റ് ; വിദേശരാജ്യങ്ങള്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കാമെന്ന് രേഖകൾ

രാജ്യങ്ങള്‍ ദുരിതാശ്വാസത്തിന് സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കുന്നതിന് തടസ്സമില്ല
വിദേശസഹായം സ്വീകരിക്കാന്‍ നയം തടസ്സമെന്ന കേന്ദ്ര വാദം തെറ്റ് ; വിദേശരാജ്യങ്ങള്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കാമെന്ന് രേഖകൾ

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ നയം തടസ്സമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റെന്ന് രേഖകള്‍. 2016 ലെ ദേശീയ ദുരന്ത നിവാരണ നയത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വലിയ ദുരന്തം ഉണ്ടായാല്‍, മറ്റേതെങ്കിലും രാജ്യങ്ങള്‍ ദുരിതാശ്വാസത്തിന് സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കുന്നതിന് തടസ്സമില്ല. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 


ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിലെ ഒമ്പതാം ചാപ്റ്ററില്‍ അന്താരാഷ്ട്ര സഹകരണം എന്ന ഭാഗത്താണ് ഇക്കാര്യം വിശദീകരിക്കുന്നത്. വിദേശസഹായം സ്വീകരിക്കല്‍, വിവിധതലങ്ങളിലെ സഹായം സ്വീകരിക്കല്‍ എന്നി ഭാഗങ്ങളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇതനുസരിച്ച് വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും, കേന്ദ്രആഭ്യന്തരമന്ത്രാലയം, വിദേശകാര്യമന്ത്രാലയം വഴി ഈ സഹായം ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് നയത്തില്‍ വ്യക്തമാക്കുന്നത്. 

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ വിദേശനയം തടസ്സമാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടോടെയാണ് വിഷയം സജീവമായത്. ഈ നയം പ്രകാരം യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയും, ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ വിദേശരാജ്യങ്ങളുടെ സഹായവും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനവും കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു. 

2004 ഡിസംബറില്‍ അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് ഇന്ത്യയിലെ ദുരന്തത്തില്‍ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. സുനാമി ദുരന്ത ശേഷം വിദേശസഹായ വാഗ്ദാനങ്ങള്‍ പ്രവഹിച്ചപ്പോള്‍ അത് നിരസിച്ചുകൊണ്ട് മന്‍മോഹന്‍സിംഗ് പറഞ്ഞത്, ദുരന്തം മറികടക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നാണ്. സഹായം ആവശ്യമെങ്കില്‍ അപ്പോള്‍ ആവശ്യപ്പെടാമെന്നും പ്രധാനമന്ത്രി അന്ന് അഭിപ്രായപ്പെട്ടിരുന്നു. 2004ലെ ആ നയം മാറ്റേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെയും തീരുമാനം. 

അതേസമയം 2004 ഡിസംബറിന് മുമ്പ് രാജ്യത്ത് ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ നിരവധി വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. 1991 ലെ ഉത്തരകാശി ഭൂകമ്പം, 1993ലെ ലാത്തൂര്‍ ഭൂകമ്പം, 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2002 ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004 ജൂലൈയിലെ ബിഹാര്‍ പ്രളയം എന്നീ സന്ദര്‍ഭങ്ങളിലെല്ലാം ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നു. ഇക്കാര്യം കേന്ദ്രവിദേശകാര്യമന്ത്രാലയവും രേഖപ്പെടുത്തിയിട്ടുണ്ട്.
 

​ഗുജറാത്ത് ഭൂകമ്പത്തിൽ സ്വീകരിച്ച വിദേശ സഹായങ്ങൾ
​ഗുജറാത്ത് ഭൂകമ്പത്തിൽ സ്വീകരിച്ച വിദേശ സഹായങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com