'ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്'; ട്രാഫിക് പരിശോധനയ്ക്കിടയില്‍ പൊലീസിനോട് തട്ടിക്കയറി മൂന്നംഗസംഘം 

സ്ഥിരമായി നടത്തിവരുന്ന ട്രാഫിക് പരിശോധനകള്‍ക്കിടയിലാണ് കാറില്‍ വന്ന ഇവര്‍ പൊലീസിനുനേരെ ബഹളമുണ്ടാക്കിയത്
'ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്'; ട്രാഫിക് പരിശോധനയ്ക്കിടയില്‍ പൊലീസിനോട് തട്ടിക്കയറി മൂന്നംഗസംഘം 

ഭോപ്പാല്‍: മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ എന്നവകാശപ്പെട്ട് മൂന്നംഗസംഘം പൊലീസിനുനേരെ തട്ടിക്കയറി. സ്ഥിരമായി നടത്തിവരുന്ന ട്രാഫിക് പരിശോധനകള്‍ക്കിടയിലാണ് കാറില്‍ വന്ന ഇവര്‍ പൊലീസിനുനേരെ ബഹളമുണ്ടാക്കിയത്. മധ്യപ്രദേശ് വിധാന്‍ സഭയ്ക്ക് മുന്നില്‍ സുരക്ഷാ പരിശോധനകള്‍ നടത്താനായി വാഹനം നിര്‍ത്തിച്ചതിനായിരുന്നു ബഹളം. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ബന്ധുക്കളാണ് തങ്ങള്‍ എന്നുപറഞ്ഞാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനകളില്‍ നിന്ന് വിലക്കിയത്. 

സംഭവത്തിന്റെ മുഴുവന്‍ രംഗങ്ങളും മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗങ്ങള്‍ പുറത്തായതോടെയാണ് സംഭവം ചര്‍ച്ചയായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്നുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. താന്‍ മുഖ്യമന്ത്രിയുടെ സഹോദരി ഭര്‍ത്താവാണെന്ന് പറഞ്ഞാണ് കാറില്‍ ഉണ്ടായിരുന്നയാള്‍ പുറത്തിറങ്ങി പൊലീസിനുനേരെ ഭീഷണി മുഴക്കിയത്. വാഹനത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ഫോണില്‍ ആരെയോ വിളിച്ച ശേഷം വിളിച്ചയാളുമായി സംസാരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം. 

തര്‍ക്കങ്ങള്‍ക്കുശേഷം പിഴയൊന്നും ഈടാക്കാതെ ഇവരെ വിട്ടയച്ചെങ്കിലും പിന്നീട് ഇവരില്‍ നിന്ന് 3000രൂപ പിഴ ഈടാക്കി. കാറിന്റെ ഇന്‍ഷുറന്‍സ് രേഖകള്‍ കൈവശമില്ലാതിരുന്നതിനാലാണ് പിഴ ചുമത്തിയത്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി നിയമം അതിന്റെ വഴിക്ക് നടക്കുമെന്നാണ് പറഞ്ഞത്. വീഡിയോയില്‍ കണ്ട സ്ത്രീ അദ്ദേഹത്തിന്റെ സഹോദരിയാണോ എന്ന ചോദ്യത്തിന് മധ്യപ്രദേശില്‍ തനിക്ക് കോടിക്കണക്കിന് സഹോദരിമാര്‍ ഉണ്ടെന്നായിരുന്നു മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com