പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷാരീതിയില്‍ മാറ്റം; ചോദ്യപേപ്പറിലും പരിഷ്‌കാരങ്ങള്‍ 

കാണാപ്പാഠം പഠിച്ച് എഴുതുന്ന രീതി അവസാനിപ്പിച്ച് പരീക്ഷാര്‍ത്ഥികളുടെ അപഗ്രഥനശേഷി അളക്കുന്ന തരത്തിലാകും ചോദ്യങ്ങള്‍ ക്രമീകരിക്കുക
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷാരീതിയില്‍ മാറ്റം; ചോദ്യപേപ്പറിലും പരിഷ്‌കാരങ്ങള്‍ 

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളില്‍ 2020മുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സിബിഎസ്ഇ. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയിലും മെയിന്‍ വിഷയങ്ങളുടെ പരീക്ഷകള്‍ മാര്‍ച്ച് അവസാനവും നടത്തുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. മൂല്യനിര്‍ണ്ണയത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്നതും പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാമെന്നതുമാണ് ഇത്തരമൊരു രീതി സ്വീകരിക്കുന്നതിന് പിന്നിലെ കാരണം. 

കുട്ടികളുടെ ചിന്താശേഷിയും പ്രായോഗികക്ഷമതയും പരിശോധിക്കുന്ന തരത്തിലായിരിക്കും ചോദ്യപേപ്പറില്‍ മാറ്റം കൊണ്ടുവരിക. കാണാപ്പാഠം പഠിച്ച് എഴുതുന്ന രീതി അവസാനിപ്പിച്ച് പരീക്ഷാര്‍ത്ഥികളുടെ അപഗ്രഥനശേഷി അളക്കുന്ന തരത്തിലാകും ചോദ്യങ്ങള്‍ ക്രമീകരിക്കുക.

സ്‌കൂളുകള്‍ക്ക് അംഗത്വം നല്‍കുന്നതിനും അംഗത്വം പുതുക്കി നല്‍കുന്നതിനും പുതിയ സിബിഎസ്ഇ ബൈലോയും മാനവശേഷി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഗുണനിലവാരം വിലയിരുത്തി മാത്രം അംഗത്വം നല്‍കണമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ബൈലോ. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനുള്ള ഉത്തരവാദിത്വം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളെ ഏല്‍പ്പിക്കണമെന്നും ഇതില്‍ പറയുന്നു. ബോര്‍ഡിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ നാല് മാസത്തോളം കാലതാമസമെടുക്കും. എന്നാല്‍ ചോദ്യപേപ്പറുകളില്‍ 2020മുതല്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി സിബിഎസ്ഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com