'ഞങ്ങളും നക്‌സലാണ്'; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം, 'മീ ടു അര്‍ബന്‍ നക്‌സല്‍' ടോപ്പ് ട്രെന്‍ഡ് 

മഹാരാഷ്ട്രയിലെ ഭീമ-കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ചു സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധം
'ഞങ്ങളും നക്‌സലാണ്'; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം, 'മീ ടു അര്‍ബന്‍ നക്‌സല്‍' ടോപ്പ് ട്രെന്‍ഡ് 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഭീമ-കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ചു സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധം. വിപ്ലവ സാഹിത്യകാരന്‍ പി. വരവരറാവു അടക്കമുളള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ മീ ടു അര്‍ബന്‍ നക്‌സല്‍ എന്ന ഹാഷ്ടാഗോടെ ആരംഭിച്ച പ്രചാരണം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. നിരവധി പ്രമുഖരാണ് പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണെന്നും ഇവര്‍ ആരോപിച്ചു. 

പൊലീസ് നടപടിയെ അനുകൂലിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി പങ്കുവെച്ച ട്വിറ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. സ്വതന്ത്ര ചിന്താഗതിക്കാരെയും ഇടതുപക്ഷ അനുകൂല ബുദ്ധിജീവികളെയും നിരന്തരം വിമര്‍ശിച്ച് വിവേക് അഗ്നിഹോത്രി ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ ഭീമ-കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അറസ്റ്റിനെ അനുകൂലിച്ച് വിവേക് അഗ്നിഹോത്രി നടത്തിയ പ്രതികരണത്തിനെതിരെ ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപ്പേരാണ് രംഗത്തുവന്നത്.  

അറസ്റ്റിലായവരെ അര്‍ബന്‍ നക്‌സല്‍സ് എന്ന കളിയാക്കിയായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വിറ്റ്. ഇവരെ പ്രതിരോധിക്കാന്‍ തയ്യാറാകുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ട്വിറ്റില്‍ അദ്ദേഹം വെല്ലുവിളിക്കുന്നു. ഇത് എവിടെയെത്തുമെന്ന് കാണാം. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്വമേധയാ രംഗത്തുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തനിക്ക് നേരിട്ട് സന്ദേശം അയക്കാവുന്നതാണെന്നും ട്വിറ്റില്‍ പറയുന്നു.ഈ ചലഞ്ച് ഏറ്റെടുത്താണ് നിരവധിപ്പേര്‍ രംഗത്തുവന്നത്. മീ ടു അര്‍ബന്‍ നക്‌സല്‍ എന്ന ഹാഷ്ടാഗോടെ ആരംഭിച്ച പ്രചാരണത്തില്‍ വിവേക് അഗ്നിഹോത്രി തയ്യാറാക്കുന്ന പട്ടികയെ പിന്തുണയ്ക്കാന്‍ പരിഹാസരൂപേണ നിരവധിപ്പേര്‍ പറയുന്നു. നിലവില്‍ ട്വറ്ററില്‍ ട്രെന്‍ഡിങ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ ചലഞ്ച്.

 പി. വരവരറാവുവിന് പുറമേ മാധ്യമ പ്രവര്‍ത്തക തെലുക ക്രാന്തി, അഭിഭാഷക സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, ഗൗതെ നാവലാഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് അറസ്റ്റിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com