വികസനക്കുതിപ്പെന്ന മോദിയുടെ അവകാശവാദത്തിന് വന്‍തിരിച്ചടി ; പാകിസ്ഥാനേയും ബംഗ്ലാദേശിനേയുംകാള്‍ കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയിലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും പാകിസ്ഥാനും പട്ടികയില്‍ ഇന്ത്യയെക്കാള്‍ മികച്ച സ്ഥാനത്താണ്
വികസനക്കുതിപ്പെന്ന മോദിയുടെ അവകാശവാദത്തിന് വന്‍തിരിച്ചടി ; പാകിസ്ഥാനേയും ബംഗ്ലാദേശിനേയുംകാള്‍ കൂടുതല്‍ ദരിദ്രര്‍ ഇന്ത്യയിലെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വികസന കുതിപ്പെന്ന അവകാശവാദങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതു പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്ര ജനങ്ങളുള്ള രാജ്യത്തിന്റെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും പാകിസ്ഥാനും പട്ടികയില്‍ ഇന്ത്യയെക്കാള്‍ മികച്ച സ്ഥാനത്താണ്. 

ഒരു ദിവസം 385 രൂപ പോലും ചെലവഴിക്കാൻ ശേഷി ഇല്ലാത്തവരെയാണ് ലോകബാങ്ക് ദരിദ്ര പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. ലോകബാങ്ക് പട്ടിക പ്രകാരം 92.1 ശതമാനം പേരുള്ള നൈജീരിയയാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം. തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. 86.8 ശതമാനമാണ് ഇന്ത്യയിലെ ദരിദ്രര്‍. അതായത് രാജ്യത്തെ 114 കോടി ജനങ്ങള്‍,  385 രൂപ പോലും ചെലവഴിക്കാൻ ശേഷി ഇല്ലാത്തവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

ദാരിദ്ര്യ പട്ടികയില്‍ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ മികച്ച നിലയിലാണ്. ഇന്ത്യയെ അപേക്ഷിച്ച് ബംഗ്ലാദേശില്‍ 84.5 ശതമാനം പേരാണ് ദരിദ്രര്‍. പാകിസ്ഥാനിലാകട്ടെ 79.5 ശതമാനം പേരാണ് ദരിദ്ര ജനങ്ങള്‍. ലോകത്ത് ഏറ്റവും അധികം ജനങ്ങളുള്ള ചൈനയില്‍ 31.5 ശതമാനം മാത്രമാണ് ദരിദ്രര്‍. ലോകബാങ്ക് പട്ടിക പ്രകാരം ഏറ്റവും കുറവ് ദരിദ്രര്‍ ഉള്ളത് നോര്‍വെയിലും ഫ്രാന്‍സിലുമാണ്. 0.2 ശതമാനം വീതമാണ് ഇരുരാജ്യങ്ങളിലെയും ദരിദ്രരുടെ ശതമാനം. 

ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയാകാന്‍ കുതിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് നേരത്തെ ലോകബാങ്ക് അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക രംഗത്ത് ഫ്രാന്‍സിനോട് കിടപിടിക്കാവുന്ന തരത്തില്‍ ഇന്ത്യ മുന്നേറുമെന്നും ലോകബാങ്ക് അധികൃതര്‍ സൂചിപ്പിച്ചിരുന്നു. ഇതിന് കടകവിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com