ഗെയിം കളിക്കുക, ഇല്ലെങ്കില്‍ അച്ഛന്റെ കട കത്തിക്കും, പിന്‍, ആധാര്‍ നമ്പറുകള്‍ തന്നില്ലെങ്കില്‍ തീവ്രവാദിയായി മുദ്രകുത്തും; മോമോ ചലഞ്ചില്‍ ഭീഷണിയും

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുളള കൊലയാളി ഗെയിമായ മോമോ ചലഞ്ചിന്റെ ഭീതി വിട്ടൊഴിയുന്നില്ല.
ഗെയിം കളിക്കുക, ഇല്ലെങ്കില്‍ അച്ഛന്റെ കട കത്തിക്കും, പിന്‍, ആധാര്‍ നമ്പറുകള്‍ തന്നില്ലെങ്കില്‍ തീവ്രവാദിയായി മുദ്രകുത്തും; മോമോ ചലഞ്ചില്‍ ഭീഷണിയും

കൊല്‍ക്കത്ത:   കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുളള കൊലയാളി ഗെയിമായ മോമോ ചലഞ്ചിന്റെ ഭീതി വിട്ടൊഴിയുന്നില്ല. ഇതിനെതിരെ നിരവധി പരാതികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിലവില്‍ പശ്ചിമ ബംഗാളിലാണ് ഇതുസംബന്ധിച്ച് ഏറ്റവുമധികം പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കാനുളള പ്രാദേശിക ശ്രമമാണെന്ന് ബംഗാള്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. 

വാട്ട്‌സ് ആപ്പ് വഴി മോമോ ചലഞ്ചിന് ക്ഷണിച്ച് ഉപഭോക്താവിനെ കുടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഗെയിം കളിച്ചില്ലായെങ്കില്‍ ഭീഷണി മുഴക്കി ഇതിന് നിര്‍ബന്ധിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.കൊല്‍ക്കത്തയിലെ ഹരിദേവ്പൂരില്‍ നിരവധിപ്പേര്‍ക്കാണ് ഇത്തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്. ഗെയിം കളിച്ചില്ലായെങ്കില്‍ ഗുരുതര ഭവിഷത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ മറ്റുപ്രദേശങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാഗ്‌നാന്‍സ് മെല്ലോക്കിലെ സ്ഥലവാസിയായ കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് ലഭിച്ചത് ഇത്തരത്തിലുളള ഭീഷണി സന്ദേശമാണ്. ഗെയിം കളിച്ചില്ലായെങ്കില്‍,അച്ഛന്റെ വസ്‌ത്രോല്‍പ്പന കട കത്തിക്കുമെന്നായിരുന്നു കോളേജ് വിദ്യാര്‍ത്ഥിയായ ശേഖര്‍ മുഖര്‍ജിക്ക് ലഭിച്ച ഭീഷണി സന്ദേശം. ആധാര്‍ നമ്പറും പിന്‍ നമ്പറും കൈമാറിയില്ലായെങ്കില്‍ തീവ്രവാദിയായി മുദ്രകുത്തുമെന്നും വിദ്യാര്‍ത്ഥിക്ക് അയച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ കുടുംബപശ്ചാത്തലം മനസിലാക്കിയാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക കുറ്റവാളികളാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ഇത്തരത്തില്‍ സന്ദേശം അയക്കുന്ന അജ്ഞാതരുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. നമ്പര്‍ ഉടന്‍ തന്നെ ബ്ലോക്ക് ചെയ്ത് തങ്ങളെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com