'ഓഖിയെ കുറിച്ച് ഡോക്യുമെന്ററിയെടുത്തതിന് പൊലീസ് വേട്ടയാടുന്നു'; സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് കേസെന്നും ദിവ്യാഭാരതി

ജീവനോപാധികള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു സഹായവും സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയതിന് കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണ് എന്നാണ്
'ഓഖിയെ കുറിച്ച് ഡോക്യുമെന്ററിയെടുത്തതിന് പൊലീസ് വേട്ടയാടുന്നു'; സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണ് കേസെന്നും ദിവ്യാഭാരതി

മധുര: ഓഖി ദുരന്ത സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ ചിത്രീകരിച്ചതിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നുവെന്ന് സംവിധായിക ദിവ്യാഭാരതി. 'ഒരുത്തരും വരേല' എന്ന പേരിലാണ് മത്സ്യത്തൊഴിലാളികളുടെ ദുരിതം അവര്‍ പകര്‍ത്തിയത്. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മാത്രമേ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചിരുന്നുള്ളൂ. ജീവനോപാധികള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു സഹായവും സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയതിന് കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണ് എന്നാണ് അവര്‍ പറയുന്നത്. 


ഡോക്യുമെന്ററിയുടെ ട്രെയിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത അന്ന് തന്നെ പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയിരുന്നുവെന്നും പിന്നീട് നാല് ദിവസത്തിന് ശേഷം വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. 

 ആഗസ്റ്റ് അഞ്ചാം തിയതി 25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തനിക്ക് ലഭിച്ചെന്നാണ് സംവിധായിക പറയുന്നത്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ് എന്നും മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയില്ല, നേവി സഹായിച്ച എന്നീ നിഗമനങ്ങളുടെ അടിസ്ഥാനമെന്ത് എന്നതടങ്ങുന്നതായിരുന്നു ചോദ്യങ്ങള്‍. ഡോക്യുമെന്ററി ഉണ്ടാക്കിയതിന്റെ ഉദ്ദേശമെന്താണ്, പൊതുജനങ്ങളെ കാണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരാഞ്ഞിരുന്നതായും അവര്‍ വെളിപ്പെടുത്തുന്നു. അടിസ്ഥാന രഹിതമാണ് കേസെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയനെന്ന് തന്നെയാണ് ഇതില്‍ നിന്നും തെളിയുന്നതെന്നും അവര്‍ പറയുന്നു.  

ദിവ്യാഭാരതിയുടെ ചിത്രം സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുന്നതിനൊപ്പം ദേശീയ പതാകയെയും അപമാനിച്ചുവെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്. ആഗസ്റ്റ് ആദ്യവാരം ഉപാധികളോടെ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഏഴ് ദിവസം പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലും തമിഴ്‌നാട്ടുലുമായി  102 പേര്‍ കൊല്ലപ്പെടുകയും 236 ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരെല്ലാം കൊലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com