ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സൗദി; അധിക എണ്ണ നല്‍കാനും ധാരണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2018 05:34 AM |
Last Updated: 01st December 2018 05:34 AM | A+A A- |

ബ്യൂണസ് ഐറിസ്: ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയാറായി സൗദി അറേബ്യ. ജി 20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് ചര്‍ച്ചയായത്. ഊര്‍ജം, അടിസ്ഥാന വികസനം, പ്രതിരോധം എന്നീ മേഖലകളില്‍ നിക്ഷേപം ശക്തിപ്പെടുത്താനാണ് സൗദി ഒരുങ്ങുന്നത്. കൂടാതെ ആവശ്യഘട്ടങ്ങളില്‍ രാജ്യത്തേക്ക് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിക്കാമെന്നും സൗദി ഉറപ്പുനല്‍കിയിട്ടുണ്ട്.
3-4 വര്‍ഷത്തിനകം നടപ്പിലാക്കാവുന്ന നിക്ഷേപങ്ങളാണു പരിഗണനയിലുള്ളത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു രൂപം കൊടുത്ത നാഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടന്‍ ഉണ്ടാകുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി. ബ്യൂണസ് ഐറിസില്‍ സല്‍മാന്‍ രാജകുമാരന്റെ താമസ സ്ഥലത്തായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
സുരക്ഷ, രാഷ്ട്രീയം, നിക്ഷേപം, കൃഷി, ഊര്‍ജ്ജം, ടെക്‌നോളജി തുടങ്ങിയ കാര്യങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി കമ്പനിയായ അരോംകോ ഇന്ത്യയിലെ എണ്ണ സംസ്‌കരണ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും മറ്റു കമ്പനികള്‍ക്ക് ഇന്ത്യയിലെ സൗരോര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ചയായി.
ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 19% ഇറക്കുമതി ചെയ്യുന്നതു സൗദിയില്‍നിന്നാണ്.