എന്നെ പാകിസ്താനിലേക്ക് അയച്ചത് രാഹുല്‍ ഗാന്ധി; എന്റെ ക്യാപ്റ്റനും അദ്ദേഹമാണെന്ന് നവ്‌ജോത് സിങ് സിദ്ദു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2018 05:33 AM |
Last Updated: 01st December 2018 05:33 AM | A+A A- |
ന്യൂഡല്‍ഹി: തന്റെ വിവാദമായ പാകിസ്താന്‍ സന്ദര്‍ശനം കോണ്‍ഗ്രസ് തലവന്‍ രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെയായിരുന്നു എന്ന വ്യക്തമാക്കി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു. എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണ്. എന്നെ എല്ലായിടത്തും വിടുന്നത് അദ്ദേഹമാണ് എന്നുമാണ് സിദ്ദുവിന്റെ പ്രതികരണം.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് ക്യാപ്റ്റന്‍ എന്ന വിളിപ്പേരും രാഷ്ട്രീയത്തിലുണ്ട്. ലാഹോറില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് സിദ്ധുവിനോട് ആവശ്യപ്പെട്ടിരുന്നതായും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. അമരീന്ദര്‍ സിങ്ങിനെ തള്ളിയാണ് തന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണെന്ന് പ്രതികരണവുമായി നവ്‌ജോത് സിങ് സിദ്ദു രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണ തന്റെ പാക് സന്ദര്‍ശനത്തിന് ഉണ്ടായി എന്നതിന് പുറമെ, 20 കോണ്‍ഗ്രസ് നേതാക്കളും തന്നോട് പോകണം എന്ന് ആവശ്യപ്പെട്ടതായി സിദ്ധു പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി എന്റെ പിതാവിനെ പോലെയാണ്. ഞാന്‍ പോകുമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നതായി അമരീന്ദര്‍ സിങ്ങിനെ ഞാന്‍ അറിയിച്ചിരുന്നു എന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദു പറഞ്ഞു.