ജുഡീഷ്യല്‍ നിയമന കമ്മിഷന്‍: വിധി പുനപ്പരിശോധിക്കില്ല, റിവ്യു ഹര്‍ജി സുപ്രിം കോടതി തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2018 03:25 PM |
Last Updated: 01st December 2018 03:25 PM | A+A A- |
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മിഷന്‍ സ്ഥാപിക്കാനുള്ള നിയമം റദ്ദാക്കിയ വിധി പുനപ്പരിശോധിക്കില്ലെന്ന് സുപ്രിം കോടതി. വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച റിവ്യു ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി.
പുനപ്പരിശോധനാ ഹര്‍ജിയില്‍ പരിഗണനാര്‍ഹമായി ഒന്നുമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തള്ളുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്, എഎം ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ 470 ദിവസത്തെ താമസമുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ല. ഹര്‍ജികള്‍ വിശദമായി പരിശോധിച്ച ശേഷമാണ് പുനപ്പരിശോധന ആവശ്യമില്ലെന്നു തീരുമാനിച്ചതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം ബെഞ്ച് നിരാകരിച്ചു.
സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതന് ദേശീയ തലത്തില്‍ കമ്മിഷന്‍ സ്ഥാപിക്കുന്നതിന് കൊണ്ടുവന്ന നിയമം 2015ല്‍ ആണ് സുപ്രിം കോടതി അസാധുവാക്കിയത്. നിയമനത്തിന് നിലവിലുള്ള കൊളീജിയം സംവിധാനം തന്നെ തുടരാമെന്ന് കോടതി വ്യക്തമാക്കി.