സര്‍ക്കസില്‍ ഇനി മൃഗങ്ങള്‍ വേണ്ട; പൂര്‍ണവിലക്കുമായി കേന്ദ്രസര്‍ക്കാര്‍ 

സര്‍ക്കസ് കൂടാരങ്ങളിലെ അവിഭാജ്യഘടകമായ മൃഗങ്ങളെ സര്‍ക്കസിനായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതാണ് മേഖലയ്ക്ക് തിരിച്ചടിയാകുന്നത്
സര്‍ക്കസില്‍ ഇനി മൃഗങ്ങള്‍ വേണ്ട; പൂര്‍ണവിലക്കുമായി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ഒരു കാലത്ത് നാട്ടിന്‍പുറങ്ങളെ വിസ്മയിപ്പിച്ചിരുന്ന സര്‍ക്കസ് കൂടാരങ്ങള്‍ക്ക് കര്‍ട്ടണ്‍ വീഴാന്‍ പോകുന്നു. നിലവില്‍ തന്നെ മറ്റു വിനോദപരിപാടികള്‍ അരങ്ങ് വാഴുന്നത് വന്‍കിട സര്‍ക്കസ് കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് വരുത്തിയിട്ടുണ്ട്. പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ കരട് ചട്ടം മേഖലയ്്ക്ക് വെല്ലുവിളിയാകും. സര്‍ക്കസ് കൂടാരങ്ങളിലെ അവിഭാജ്യഘടകമായ മൃഗങ്ങളെ സര്‍ക്കസിനായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതാണ് മേഖലയ്ക്ക് തിരിച്ചടിയാകുന്നത്.

സര്‍ക്കസിന് മൃഗങ്ങളെ ഉപയോഗിക്കുന്നത് അവയോട് ചെയ്യുന്ന പീഡനമാണ് എന്ന് ആരോപിച്ച് മൃഗസ്‌നേഹികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തുണ്ട്. ഇവരുടെ നീണ്ടകാലത്തെ മുറവിളി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇത് 
പ്രാബല്യത്തിലായാല്‍ കടുവ, സിംഹം ഉള്‍പ്പടെയുളള വന്യമൃഗങ്ങളെ സര്‍ക്കസിനായി ഉപയോഗിക്കുന്നത് വിലക്കും. കൂടാതെ കുതിര, പട്ടി, ആന തുടങ്ങി സര്‍ക്കസിന് ജനകീയ മുഖം നല്‍കുന്നതില്‍   മുഖ്യപങ്ക് വഹിച്ചിരുന്ന മൃഗങ്ങളെ ഉപയോഗിക്കുന്നതിനും നിരോധനം വരും. നിലവില്‍ കരട് ചട്ടം സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ പ്രതികരണം അറിയാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുകയാണ്.

പരിമിതമായ സ്ഥലത്ത് മൃഗങ്ങളെ പാര്‍പ്പിക്കുന്നത് ഇവയോട് ചെയ്യുന്ന ദ്രോഹമാണെന്ന് മൃഗസ്‌നേഹികള്‍ ആരോപിക്കുന്നു. വന്യജീവികള്‍ക്ക് അവയുടെ ആവാസവ്യവസ്ഥ നിഷേധിക്കുന്നതിന് തുല്യമാണ് ഇതെന്നും മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ തന്നെ മേഖല തളര്‍ച്ച നേരിടുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി സര്‍ക്കസ് കമ്പനികള്‍ പൂട്ടി പോയി. സര്‍ക്കസ് കളിക്കാര്‍ ജീവനോപാധി തേടി മറ്റു മേഖലകള്‍ തേടി പോകുന്നതും ഇപ്പോള്‍ പതിവാണ്. ഇതിനിടെയാണ് മൃഗസംരക്ഷണത്തിന്റെ പേരില്‍ കരടു ചട്ടത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com