പശുവിനെ കശാപ്പ് ചെയ്‌തെന്ന പ്രചരണത്തെതുടർന്ന് പ്രതിഷേധം; കല്ലേറിൽ പൊലീസുകാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd December 2018 06:54 PM |
Last Updated: 03rd December 2018 06:54 PM | A+A A- |
ലഖ്‌നൗ: പശുവിനെ കശാപ്പ് ചെയ്‌തെന്ന പ്രചരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുപിയിലെ ബുലന്ദേശറിലാണ് സംഭവം. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി നടുറോഡിലേക്കിറങ്ങിയത്. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനടക്കമാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട മറ്റൊരാൾ.
പ്രതിഷേധക്കാർ സംഘം ചേര്‍ന്ന് വഴിതടയുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ സംഭവസ്ഥലത്തെത്തിയത്. വഴിതടയാനുള്ള പ്രതിഷേധക്കാരുടെ നീക്കം പൊലീസ് തടഞ്ഞതോടെ പ്രകോപിതരായ ഇവർ പൊലീസിനുനേരെ ആക്രമണം ആരംഭിച്ചു. രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം.
പൊലീസ് സംഘവുമായി ജനങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് പൊലീസിനുനേരെ കല്ലെറിയുകയുമായിരുന്നു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.