'രാജീവ് ഗാന്ധിയെ വധിച്ചത് ഞങ്ങളല്ല, ഇന്ത്യയേയോ ഇന്ത്യന്‍ നേതാക്കളെയോ ആക്രമിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല'; വ്യക്തമാക്കി എല്‍ടിടിഇ 

'ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങളെയോ ഇന്ത്യയെയോ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ശ്രീലങ്കക്കാരല്ലാത്ത ആര്‍ക്കുമെതിരെ തങ്ങള്‍ തോക്കുയര്‍ത്തിയിട്ടില്ല'
'രാജീവ് ഗാന്ധിയെ വധിച്ചത് ഞങ്ങളല്ല, ഇന്ത്യയേയോ ഇന്ത്യന്‍ നേതാക്കളെയോ ആക്രമിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല'; വ്യക്തമാക്കി എല്‍ടിടിഇ 

ന്യൂഡല്‍ഹി; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ശ്രീലങ്കയിലെ തമിഴ്പുലികളുടെ സംഘടനയായ എല്‍ടിടിഇ. രാജീവ് ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിവുകള്‍ നിരത്തി തങ്ങള്‍ പലപ്പോഴായി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും ഉയര്‍ത്തുകയാണെന്നും എല്‍ടിടിഇ പ്രതിനിധികള്‍ ആരോപിച്ചു. സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിന്റെ പ്രതിനിധി കുര്‍ബുരന്‍ ഗുരുസ്വാമി, നിയമ വിഭാഗത്തിന്റെ പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പുവെച്ച കത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. 

തമിഴ് ഇഴത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജീവ് ഗാന്ധിയെ വധിച്ചത് തങ്ങളാണെന്നുള്ള ആരോപണം തമിഴ് ജനത അരക്ഷിതത്വത്തിലായിയെന്നും നിരവധിപ്പേര്‍ക്ക് നാടുവിട്ട്‌പോകേണ്ടതായി വന്നെന്നും കത്തില്‍ പറയുന്നു. 

ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങളെയോ ഇന്ത്യയെയോ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ശ്രീലങ്കക്കാരല്ലാത്ത ആര്‍ക്കുമെതിരെ തങ്ങള്‍ തോക്കുയര്‍ത്തിയിട്ടില്ല. ശ്രീലങ്കക്കാരല്ലാത്ത നേതാക്കളെ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നില്ല. ഇന്ത്യയേയോ ഇന്ത്യന്‍ നേതാക്കളെയോ ആക്രമിക്കാനുള്ള ഒരു നീക്കവും എല്‍ടിടിഇ നടത്തിയിരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരും എല്‍ടിടിയും തമ്മിലുണ്ടായിരുന്ന സുശക്തമായ ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധി വധം. എല്‍ടിടിഇ വ്യക്തമാക്കി. 

മുല്ലിവൈക്കലില്‍ 1,50,000 ആളുകള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണെന്നും എല്‍ടിടിഇ പറയുന്നു. രാജീവ് വധത്തിന്റെ പേരില്‍ സംഘടനയെ കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും  തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എല്‍ടിടിഇ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com