ക്ഷിതി ഗോസാമി ആര്‍എസ്പി ജനറല്‍ സെക്രട്ടറി ; കേന്ദ്രക്കമ്മിറ്റിയില്‍ ആറ് മലയാളികള്‍

കേരളത്തില്‍ നിന്ന് ബാബു ദിവാകരന്‍ ഉള്‍പ്പെടെ ആറുപേരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി
ക്ഷിതി ഗോസാമി ആര്‍എസ്പി ജനറല്‍ സെക്രട്ടറി ; കേന്ദ്രക്കമ്മിറ്റിയില്‍ ആറ് മലയാളികള്‍

ന്യൂഡല്‍ഹി: ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായി പശ്ചിമബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ക്ഷിതി ഗോസാമിയെ തെരഞ്ഞെടുത്തു. ന്യൂഡല്‍ഹി മാവ്‌ലങ്കര്‍ ഹാലില്‍ നടന്ന പാര്‍ട്ടിയുടെ 21 -ാമത് ദേശീയ സമ്മേളനത്തിലാണ് ആര്‍എസ്പിക്ക് പുതിയ നേതൃത്വം വരുന്നത്. കേരളത്തില്‍ നിന്നുള്ള ടി ജെ ചന്ദ്രചൂഡന്റെ പിന്‍ഗാമിയായാണ് ക്ഷിതി ചുമതലയേല്‍ക്കുന്നത്. 

കേരളത്തില്‍ നിന്ന് ബാബു ദിവാകരന്‍ ഉള്‍പ്പെടെ ആറുപേരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാബു ദിവാകരന്‍, കെ. സിസിലി, അഡ്വ. ജെ. മധു, അഡ്വ. രത്‌നകുമാര്‍, വി. ശ്രീകുമാരന്‍ നായര്‍, അഡ്വ. രാജേന്ദ്ര പ്രസാദ് എന്നിവരാണ് 51 അംഗ കേന്ദ്ര കമ്മിറ്റിയിലെ ആറ് മലയാളികള്‍. എന്‍കെ പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍, എഎ അസീസ് തുടങ്ങി 12 അംഗങ്ങളെ ദേശീയ കമ്മിറ്റിയില്‍ നിനിര്‍ത്തി. ഇതോടെ ദേശീയ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം 18 ആയി ഉയര്‍ന്നു. 

ആർ.എസ്.പി ബംഗാൾ ഘടകം സെക്രട്ടറിയാണ് നിലവിൽ ക്ഷിതി ഗോസാമി. സി.പി.എം സർക്കാരിൽ 1995 മുതൽ രണ്ടു തവണ പൊതുമരാമത്ത് മന്ത്രിയായിരുന്നു. പ്രോഗ്രസീവ് സ്‌റ്റുഡന്റ്സ് യൂണിയനിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ആർ.എസ്.പിയുടെ കർഷക സംഘടനയായ എ.ഐ.എസ്.കെ.സിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. 

പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്ത യോഗത്തിൽ എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. നിലവിൽ ജനറൽ സെക്രട്ടറിയായ ടി.ജെ. ചന്ദ്രചൂഡൻ ആരോഗ്യപരമായ കാരണങ്ങളാൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.

ദേശീയതലത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസാമി പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ടെങ്കിലും ഇടതു നിലപാടുകളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. ദേശീയതലത്തില്‍ ഇടത് ഐക്യം അനിവാര്യമാണെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും ക്ഷിതി ഗോസാമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com