എച്ച്‌ഐവി ബാധിതയായ യുവതി ആത്മഹത്യ ചെയ്തു ; തടാകം വറ്റിച്ച് ഗ്രാമീണര്‍

ഹൂബ്ലിക്ക് 30 കിലോമീറ്റര്‍ അകലെ മൊറാബിലെ 36 ഏക്കറോളമുള്ള തടാകമാണ് ഗ്രാമീണരും പ്രാദേശിക അധികൃതരും ചേര്‍ന്ന് വറ്റിച്ചത്
എച്ച്‌ഐവി ബാധിതയായ യുവതി ആത്മഹത്യ ചെയ്തു ; തടാകം വറ്റിച്ച് ഗ്രാമീണര്‍

ഹൂബ്ലി : എയിഡ്‌സ് രോഗബാധിതയായ യുവതി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തടാകം വറ്റിച്ച് ഗ്രാമവാസികള്‍. നവംബര്‍ 29 നാണ് എച്ച്‌ഐവി ബാധിതയായ യുവതിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ, തടാകത്തിലെ വെള്ളത്തില്‍ എയിഡ്‌സ് കലര്‍ന്നതായും, വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്നും വാര്‍ത്ത പടരുകയായിരുന്നു.

തുടര്‍ന്ന് തടാകത്തിലെ വെള്ളം ഉപയോഗിക്കാന്‍ ഗ്രാമീണര്‍ ഒന്നടങ്കം വിസമ്മതിച്ചു. ഇതോടെ തടാകം വറ്റിക്കാന്‍ ഗ്രാമ പഞ്ചായത്തും നവാല്‍ഗുണ്ട് താലൂക്ക് അധികൃതരും തീരുമാനിക്കുകയായിരുന്നു. ഹൂബ്ലിക്ക് 30 കിലോമീറ്റര്‍ അകലെ മൊറാബിലെ 36 ഏക്കറോളമുള്ള തടാകമാണ് വറ്റിച്ചത്. 

തടാകം വറ്റിക്കാനുള്ള നീക്കത്തിനെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ അടക്കം രംഗത്തെത്തിയിരുന്നു. എയിഡ്‌സ് രോഗം വെള്ളത്തിലൂടെ പകരില്ല. ഇത് മനുഷ്യസ്രവങ്ങളിലൂടെ മാത്രമേ മറ്റൊരാളിലേക്ക് പകരൂ. മാത്രമല്ല എയിഡ്‌സ് വൈറസ് വായുവിലോ, വെള്ളത്തിലോ അതിജീവിക്കില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ഗ്രാമീണരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.  എന്നാല്‍ ഗ്രാമീണര്‍ തടാകത്തിലെ വെള്ളം കുടിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എന്ന് ദാര്‍വാഡ് ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസര്‍ ഡോ. രാജേന്ദ്ര ദോഡ്ഡമണി പറഞ്ഞു. 

20 സിഫോണ്‍ ട്യൂബുകളും നാല് മോട്ടോറുകളും ഉപയോഗിച്ചാണ് തടാകം വറ്റിച്ചത്. നവാല്‍ഗുണ്ട് താലൂക്കിലെ മൊഫാബിലെയും സമീപ ഗ്രാമത്തിലെയും ജനങ്ങളും കന്നുകാലികളുമെല്ലാം ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്. തടാകം വറ്റിച്ചതോടെ മൂന്ന് കിലോമീറ്ററോളം നടന്ന് മലപ്രഭ കനാലില്‍ നിന്നാണ് ഇപ്പോള്‍ ഗ്രാമീണര്‍ വെള്ളം കൊണ്ടുവരുന്നത്. മലപ്രഭ കനാലിലെ വെള്ളം തടാകത്തിലേക്ക് തുറന്നുവിട്ട് മേഖലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാമെന്നും പ്രാദേശിക അധികൃതര്‍ കണക്കുകൂട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com