രാജസ്ഥാനും തെലങ്കാനയും തെരഞ്ഞെടുപ്പ് ചൂടില്‍ ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; വോട്ടെടുപ്പ് മറ്റന്നാള്‍

വീറുറ്റ പോരാട്ടം നടക്കുന്ന രാജസ്ഥാനില്‍ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്
രാജസ്ഥാനും തെലങ്കാനയും തെരഞ്ഞെടുപ്പ് ചൂടില്‍ ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; വോട്ടെടുപ്പ് മറ്റന്നാള്‍


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വീറുറ്റ പോരാട്ടം നടക്കുന്ന രാജസ്ഥാനില്‍ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. രാം ഘട്ട് സീറ്റിലെ വോട്ടെടുപ്പ് ബി.എസ്.പി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള മുന്‍നിര ബിജെപി നേതാക്കള്‍ ഇന്ന് രാജസ്ഥാനില്‍ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്നത്. 
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും കലാശക്കൊട്ടിന് സംസ്ഥാനത്ത് എത്തുന്നുണ്ട്. സച്ചിന്‍ പൈലറ്റും അശോക് ഗഹലോട്ടുമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. 

തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1,777 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം. മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇന്ന് സ്വന്തം മണ്ഡലമായ ഗജ്‌വേലില്‍ ഉള്‍പ്പെടെ അഞ്ച് റാലികളില്‍ പങ്കെടുക്കും. 

സൂര്യപേട്ട് ജില്ലയിലെ മഹാസഖ്യത്തിന്റെ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തെലങ്കാനയെ നശിപ്പിച്ചവരെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്നും മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com