വനിതാഹോസ്റ്റലില്‍ ഉടമ ഒളിക്യാമറ വെച്ചു ; ആപ്പ് ഉപയോഗിച്ച് യുവതികള്‍ പൊക്കി ; അറസ്റ്റ്

ഐ ടി ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത് അന്തേവാസികള്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: ഐ ടി ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത് അന്തേവാസികള്‍ കണ്ടെത്തി. ഇവര്‍ നല്‍കിയ പരാതിയില്‍  ഹോസ്റ്റല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പളളി സ്വദേശി സമ്പത്ത് രാജ് എന്ന സഞ്ജയ് (48) ആണ് പിടിയിലായത്. ആദംപാക്കം തില്ലൈഗംഗ നഗറിലെ ഹോസ്റ്റലിലാണ് ഒളിക്യാമറകള്‍ കണ്ടെത്തിയത്. 

വാടകയ്‌ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ സെപ്റ്റംബറിലാണ് സമ്പത്ത് രാജ് വനിതാ ഹോസ്റ്റല്‍ തുടങ്ങിയത്. ഇവിടെ ഐടി ജീവനക്കാരായ ഏഴുപേരാണ് താമസിച്ചിരുന്നത്. അറ്റകുറ്റപ്പണികള്‍ക്കെന്ന വ്യാജേന സമ്പത്ത് രാജ് അപ്പാര്‍ട്ട്‌മെന്റില്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് യുവതികള്‍ക്ക് സംശയം ജനിപ്പിച്ചത്. 

ഏതാനും ദിവസംമുമ്പ് ഒരു അന്തേവാസി ഹെയര്‍ ഡ്രയര്‍ പവര്‍പ്ലഗില്‍നിന്ന് ഊരിയപ്പോഴാണ് ചെറുക്യാമറ കണ്ടത്. തുടര്‍ന്ന് അന്തേവാസികള്‍ ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ് ഉപയോഗിച്ച് പല ഭാഗത്തും സ്ഥാപിച്ച ക്യാമറകള്‍ കണ്ടെത്തി. കിടപ്പുമുറി, കുളിമുറി, ഹാള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഒളിക്യാമറകള്‍ ഉണ്ടായിരുന്നത്. 

കിടപ്പുമുറിയിലെ ബള്‍ബ്, സ്വിച്ച് ബോര്‍ഡ്, ഹാങ്ങറുകള്‍ തുടങ്ങി പലയിടങ്ങളില്‍ നിന്നായി ക്യാമറകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തനിക്കു ദൃശ്യങ്ങള്‍ വ്യക്തമായി കാണത്തക്ക തരത്തില്‍ ക്യാമറകളുടെ ദിശ മാറ്റിവയ്ക്കാനായിരുന്നു സമ്പത്ത് രാജ് ഇടയ്ക്കിടെ ഇവിടെ എത്തിയിരുന്നത്.
ഇവിടെയുണ്ടായിരുന്ന ഒളിക്യാമറകള്‍, സമ്പത്ത് രാജ് ഉപയോഗിച്ചിരുന്ന 16 മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com