എച്ച്ഐവി ബാധിച്ചെന്ന് കരുതിയ യുവതിയുടെ മരണം: തടാകം വറ്റിക്കാനൊരുങ്ങി ഗ്രാമവാസികള്‍

കര്‍ണാടക ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലാണ് സംഭവം.
എച്ച്ഐവി ബാധിച്ചെന്ന് കരുതിയ യുവതിയുടെ മരണം: തടാകം വറ്റിക്കാനൊരുങ്ങി ഗ്രാമവാസികള്‍

ച്ച്‌ഐവി ബാധിച്ചെന്നു സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയ തടാകം വറ്റിക്കാനൊരുങ്ങി ഗ്രാമവാസികള്‍. പതിനയ്യായിരത്തോളം പേരുടെ ഏകജലസ്രോതസായ തടാകമാണ് വറ്റിക്കുന്നത്. കര്‍ണാടക ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലാണ് സംഭവം.

എച്ച്‌ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടും 32 ഏക്കര്‍ തടാകം ഗ്രാമവാസികള്‍ വറ്റിക്കാന്‍ ശ്രമിക്കുകയാണ്. തടാകത്തില്‍ ക്ലോറിനേഷന്‍ നടത്താമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ജനം ഇതിന് വഴങ്ങിയില്ല. പമ്പ് ചെയ്തു നീക്കുന്ന വെള്ളം സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ കയറി ക്ലാസ് മുടങ്ങിയിട്ടും നിര്‍ത്തിയില്ല. 

തടാകത്തിനു സമീപം താമസിക്കുന്ന യുവതിയെ 28നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു ഭാഗം മല്‍സ്യം ഭക്ഷിച്ച നിലയിലായിരുന്നു. എച്ച്‌ഐവി ബാധിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഒറ്റപ്പെടുത്തിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയതാകാമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, പുണെയില്‍ എച്ച്‌ഐവി പോസിറ്റീവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുന്‍പ് പിരിച്ചുവിട്ട ജീവനക്കാരിയെ ഇത്രയും കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു ലേബര്‍ കോടതി നിര്‍ദ്ദേശം നല്‍കി. ലോകം മുഴുവന്‍ മരുന്നു വിതരണം ചെയ്യുന്ന കമ്പനി ഇത്രയും തെറ്റിദ്ധാരണ പുലര്‍ത്തുന്നത് പരിഹാസ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com