ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഉത്തര്‍പ്രദേശിലെ പാര്‍ട്ടി എംപി രാജിവച്ചു 

ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുന്നു - ഉത്തര്‍പ്രദേശിലെ പാര്‍ട്ടി എംപി സാവിത്രിഭായ് ഫൂലെ രാജിവച്ചു
ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഉത്തര്‍പ്രദേശിലെ പാര്‍ട്ടി എംപി രാജിവച്ചു 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപി എംപി സാവിത്രിഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ചാണ് രാജി. ബെറെക്ക് മണ്ഡലത്തില്‍ നിന്നാണ് സാവിത്രി ഭായ് ഫൂലെ പാര്‍ലമെന്റില്‍ എത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും രാമന്റെ പ്രതിമ സ്ഥാപിക്കാനും ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെ വിമതസ്വരവുമായി എംപി രംഗത്തെത്തിയിരുന്നു.'തര്‍ക്കഭൂമിയായ അയോധ്യയില്‍ ഹൈക്കോടതി വിധിപ്രകാരം നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് ബുദ്ധദേവനുമായി ബന്ധപ്പെട്ട സാധനങ്ങളാണ്. ഭാരതം ബുദ്ധന്റെതായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധന്റെ പ്രതിമയാണ് അയോധ്യയില്‍ സ്ഥാപിക്കേണ്ടത്.' എന്നായിരുന്നു ഫൂലെയുടെ അഭിപ്രായം

മുമ്പും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമതശബ്ദവുമായി പരസ്യമായി രംഗത്തെത്തിയ ആളാണ് സാവിത്രി ഭായ് ഫൂലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദളിത് വിരുദ്ധരാണെന്നായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. ബിജെപി എംപിയാകും മുമ്പ് തന്നെ ദളിത് ആക്റ്റിവിസ്റ്റും സ്ത്രീവിമോചകയുമായിരുന്നു സാവിത്രി ഭായ് ഫൂലെ. 

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടന അനുശാസിക്കുന്നത് പ്രകാരം എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്നും ഭരണഘടന അനുസരിച്ച് മാത്രമേ ജീവിക്കാവൂയെന്നും ഇവര്‍ പ്രതികരിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബിജെപി എംപി രാകേഷ് സിന്‍ഹ പാര്‍ലമെന്റില്‍ സ്വകാര്യബില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടുള്ള മറുപടിയായാണ് സാവിത്രി ഭായ് ഫൂലെ ഇത്തരത്തില്‍ പ്രതികരിച്ചത്.

നേരത്തെ അംബേദ്ക്കറുടെ പ്രതിമകള്‍ തകര്‍ക്കുന്നതിനെതിരെയും ഫൂലെ രംഗത്തെത്തിയിരുന്നു. പ്രതിമകള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെയായിരുന്നു ഫൂലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ബിജെപി ദളിതുകളെ രാഷ്ട്രീയ നേട്ടത്തിന് മാത്രമായി ഉപയോഗിക്കുകയാണെന്നായിരുന്നു ഫൂലെയുടെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com