ആര്‍ക്കും തടയാനാകില്ല; പശ്ചിമബംഗാളില്‍ രഥയാത്ര നടത്തും; മമതയ്ക്ക് അമിത് ഷായുടെ മറുപടി

മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ അരങ്ങേറുന്നത് ഭീകരഭരണമാണ്. അവര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അമിത് ഷാ
ആര്‍ക്കും തടയാനാകില്ല; പശ്ചിമബംഗാളില്‍ രഥയാത്ര നടത്തും; മമതയ്ക്ക് അമിത് ഷായുടെ മറുപടി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ രഥയാത്രയെ ആര്‍ക്കും തടയാനാകില്ല. രഥയാത്രയുമായി മുന്നോട്ടുപോകുമെന്ന് അമിത് ഷാ പറഞ്ഞു.

മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ അരങ്ങേറുന്നത് ഭീകരഭരണമാണ്. അവര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അമിത് ഷാ പറഞ്ഞു.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്രക്ക് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി ശരി വെച്ചിരുന്നു. വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

കൂച്ച് ബെഹാറില്‍ നിന്ന് യാത്ര തുടങ്ങാനായാരിന്നു പാര്‍ട്ടിയുടെ പരിപാടി. കൂച്ച് ബെഹാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ ആക്രമണസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മറ്റുസ്ഥലങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരും ജില്ലയിലെത്തുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളില്‍ പകുതി സീറ്റെങ്കിലും നേടുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നിലവില്‍ ബി.ജെ.പിക്ക് രണ്ട് ലോക്‌സഭാ സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും ബി.ജെ.പി രഥയാത്ര കടന്നു പോകും. യാത്രകള്‍ സംഗമിക്കുന്ന കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com