'നിങ്ങളെ വിലക്കേണ്ട കാലം കഴിഞ്ഞു' ; അനാവശ്യ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ അഡ്വ. എംഎല്‍ ശര്‍മ്മയ്ക്ക് സുപ്രിംകോടതി 50,000 രൂപ പിഴ വിധിച്ചു

പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുന്നതില്‍ നിന്നും നിങ്ങളെ വിലക്കേണ്ട കാലം അതിക്രമിച്ചെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
'നിങ്ങളെ വിലക്കേണ്ട കാലം കഴിഞ്ഞു' ; അനാവശ്യ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ അഡ്വ. എംഎല്‍ ശര്‍മ്മയ്ക്ക് സുപ്രിംകോടതി 50,000 രൂപ പിഴ വിധിച്ചു

ന്യൂഡല്‍ഹി : അനാവശ്യ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതിന് അഭിഭാഷകന്‍ അഡ്വ. എംഎല്‍ ശര്‍മ്മയ്ക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുന്നതില്‍ നിന്നും നിങ്ങളെ വിലക്കേണ്ട കാലം അതിക്രമിച്ചെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും പണം എടുക്കാനുള്ള കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നീക്കം വിലക്കണമെന്ന് ആവശ്യപ്പെട്ട് ശര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് വിമര്‍ശനം ഉന്നയിച്ചത്. 

മി. ശര്‍മ്മ, നിങ്ങള്‍ നല്‍കിയ നല്ല പ്രവര്‍ത്തനങ്ങളെ കോടതി വിസ്മരിക്കുന്നില്ല. പക്ഷെ ഇത്തരം അനാവശ്യ ഹര്‍ജികളിലൂടെ നിങ്ങള്‍ സ്വന്തം വില കളയരുത്. ഇപ്പോള്‍ ഇത്തരത്തിലൊരു ഹര്‍ജിക്ക് കാരണമെന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത്തരത്തില്‍ തുടരെ പൊതുതാല്‍പ്പര്യ ഹര്‍ജികളുമായി വന്നാല്‍, സദുദ്ദേശത്തോടെ നിങ്ങള്‍ സമര്‍പ്പിക്കുന്ന ഹര്‍ജികളും പരിഗണിക്കപ്പെടാതെ പോകാന്‍ ഇടയുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

തുടര്‍ന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് എസ് കെ കൗളും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഡ്വ. എംഎല്‍ ശര്‍മ്മയ്ക്ക് 50,000 രൂപ പിഴ ശിക്ഷയും വിധിക്കുകയായിരുന്നു. സുപ്രിംകോടതിയില്‍ നിരന്തരം പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുന്ന വ്യക്തിയാണ് എംഎല്‍ ശര്‍മ്മ. അടുത്തിടെ നീരവ് മോദിക്കേസില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

2015 ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും അഡ്വ. എംഎല്‍ ശര്‍മ്മയ്ക്ക് രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി 25,000 രൂപയും, 50,000 രൂപയും പിഴ ശിക്ഷ വിധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com