രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി;  പ്രതീക്ഷയോടെ രാഷ്ട്രീയ പാർട്ടികൾ ; എക്സിറ്റ് പോൾ ഫലം വൈകീട്ട്

ഡിസംബർ 11 നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അ‍ഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക
രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി;  പ്രതീക്ഷയോടെ രാഷ്ട്രീയ പാർട്ടികൾ ; എക്സിറ്റ് പോൾ ഫലം വൈകീട്ട്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും തെലങ്കാനയിലും ജനവിധി ഇന്ന് രേഖപ്പെടുത്തും. തെലങ്കാനയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാജസ്ഥാനിൽ എട്ടുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങുക.  വീറുറ്റ പോരാട്ടം നടക്കുന്ന രാജസ്ഥാനില്‍ 199 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം.  മൊത്തം 2274 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് മൽസരരം​ഗത്തുള്ളത്. രാം ഘട്ട് സീറ്റിലെ വോട്ടെടുപ്പ് ബി.എസ്.പി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്നത്. സച്ചിന്‍ പൈലറ്റും അശോക് ഗഹലോട്ടുമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. 20 വർഷത്തിനിടെ ഒരു പാർട്ടിയെയും തുടർച്ചയായി അധികാരത്തിലെത്തിക്കാത്ത രാജസ്ഥാനിൽ, ചരിത്രം തിരുത്തി ഭരണം നിലനിർത്താൻ ബിജെപിയും, അധികാരം തിരിച്ചുപിടിക്കാൻ കോൺ​ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1,821 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം. മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗജ്‌വേല്‍ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു. 

ഡിസംബർ 11 നാണ് ഇവ അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അ‍ഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ ഫലം രാത്രിയോടെ അറിയാം. കഴിഞ്ഞമാസം 12 നും 20 നുമായിരുന്നു ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും കഴിഞ്ഞ മാസം 28നുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com