ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് നൽകി; ഇന്ത്യൻ ഓവര്‍സീസ് ബാങ്കിന് 10,000 രൂപ പിഴ 

അക്കൗണ്ട് ഉടമയുടെ സമ്മതം വാങ്ങാതെ വിവരങ്ങൾ കൈമാറിയതിനാണ് പിഴ വിധിച്ചത്
ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് നൽകി; ഇന്ത്യൻ ഓവര്‍സീസ് ബാങ്കിന് 10,000 രൂപ പിഴ 

അഹമ്മദാബാദ്: ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ ബാങ്ക് നടപടിക്ക് പതിനായിരം രൂപ പിഴ. ഉപഭോക്തൃ കോടതിയാണ് ഇന്ത്യൻ ഓവര്‍സീസ് ബാങ്കിന് പിഴ വിധിച്ചത്. ബാങ്കിന്റെ സര്‍ദര്‍നഗര്‍-ഹന്‍സല്‍ ബ്രാഞ്ചിലെ അക്കൗണ്ട് ഉടമയായ ദിനേശ് പംനാനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

അക്കൗണ്ട് ഉടമയുടെ സമ്മതം വാങ്ങാതെ വിവരങ്ങൾ കൈമാറിയതിനാണ് പിഴ വിധിച്ചത്. പിഴ തുക പരാതിക്കാരന് ബാങ്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. ദിനേശ് പംനാനിയുടെ മൂന്ന് വര്‍ഷത്തെ ബാങ്ക്  സ്റ്റേറ്റ്മെന്റാണ് ബാങ്ക് ഭാര്യയുടെ ആവശ്യപ്രകാരം നൽകിയത്. കുടുംബ കോടതിയില്‍ തങ്ങൾക്കിടയിൽ വൈവാഹിക തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഭാര്യ തനിക്കെതിരെ ഈ രേഖകൾ ഉപയോ​ഗിക്കുമെന്നും ദിനേശ് പരാതിയിൽ ചൂണ്ടിക്കാട്ടി. 

‌തന്റെ അക്കൗണ്ടിൽ നിന്ന് 103 രൂപ ബാങ്ക് ഈടാക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഭാര്യ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച വിവരം ദിനേശ് അറിയുന്നത്. അക്കൗണ്ട് വിവരങ്ങൾ ഭാര്യയ്ക്ക് കൈമാറിയതിനാണ് തന്റെ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കിയതെന്ന് ബാങ്ക് ഉദ്യോ​ഗസ്ഥർ വിശദീകരിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് മനസിലാകുന്നത്. എന്നാൽ തന്റെ അക്കൗണ്ട് രേഖകൾ ആരുമായും പങ്കുവയ്ക്കാൻ ബാങ്കിന് അനുവാദമില്ലെന്നും ഇതിനുള്ള അനുവാദം താൻ ബാങ്കിന് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിനേശ് കോടതിയെ സമീപിച്ചത്. കേസ് പരി​ഗണിച്ച കോടതി ബാങ്കിന് പതിനായിരം രൂപ പിഴ വിധിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com