യുപിഐ ആപ്പുവഴി വന്‍ ബാങ്ക് തട്ടിപ്പ്: പിന്നില്‍ ജാര്‍ഖണ്ഡ് സംഘം; ഇതുവരെ തട്ടിയത് 12 ലക്ഷത്തിലധികം രൂപ

അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സി കോഡോ നല്‍കാതെ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ കഴിയുന്ന യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) സംവിധാനത്തിന്റെ പിഴവ് മുതലെടുത്ത് പുതിയ സൈബര്‍ തട്ടിപ്പ്
യുപിഐ ആപ്പുവഴി വന്‍ ബാങ്ക് തട്ടിപ്പ്: പിന്നില്‍ ജാര്‍ഖണ്ഡ് സംഘം; ഇതുവരെ തട്ടിയത് 12 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം: അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സി കോഡോ നല്‍കാതെ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ കഴിയുന്ന യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) സംവിധാനത്തിന്റെ പിഴവ് മുതലെടുത്ത് പുതിയ സൈബര്‍ തട്ടിപ്പ്. സംസ്ഥാനത്ത് ഇത്തരത്തില്‍ പത്തോളം കേസുകളിലായി 12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന് പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. തട്ടിപ്പുകാരന്റെ ഫോണിലുള്ള യുപിഐ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇരയുടെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം പിന്‍വലിക്കാന്‍ കഴിയുമെന്ന് സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐജി മനോജ് ഏബ്രഹാം പറഞ്ഞു. സുരക്ഷാപിഴവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് സൈബര്‍ഡോം കത്ത് നല്‍കി.

സൈബര്‍ തട്ടിപ്പുകള്‍ക്ക് പേരുകേട്ട ജാര്‍ഖണ്ഡിലെ ജംതാര ഗ്രാമത്തില്‍ നിന്നാണ് ഈ തട്ടിപ്പും ഏകോപിപ്പിക്കുന്നതെന്നാണ് പൊലീസ് മനസ്സിലാക്കിരിക്കുന്നത്. കേരള പൊലീസില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് പൊലീസ് ഇന്നലെ നാലിടത്ത് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ: 

1. തട്ടിപ്പുകാരന്‍ തന്റെ ഫോണില്‍ യുപിഐ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ബാങ്ക് അക്കൗണ്ടുമായി യുപിഐ അക്കൗണ്ട് ബന്ധിപ്പിക്കാന്‍ ആപ്പില്‍നിന്ന് ഒരു എന്‍ക്രിപ്റ്റഡ് എസ്എംഎസ് യുപിഐ സെര്‍വറിലേക്കു പോകാറുണ്ട്. തട്ടിപ്പുകാരന്‍ അക്കൗണ്ട് ബാലന്‍സ് ഇല്ലാത്ത ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ഈ എസ്എംഎസ് അയാളുടെ ഔട്ട്‌ബോക്‌സില്‍ തന്നെ കിടക്കും.

2. ഡെബിറ്റ് കാര്‍ഡ് പുതുക്കാന്‍ ബാങ്കില്‍നിന്നെന്ന മട്ടില്‍ മറ്റൊരു ഫോണില്‍നിന്ന് ഇരയെ വിളിക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഒരു എസ്എംഎസ് എത്തുമെന്നറിയിപ്പ്.

3. ഔട്ട്‌ബോക്‌സില്‍ കിടക്കുന്ന എന്‍ക്രിപ്റ്റഡ് എസ്എംഎസ് ഇരയ്ക്ക് ഫോര്‍വേഡ് ചെയ്യുന്നു. അത് ബാങ്കിന്റെ കസ്റ്റമര്‍ കെയറിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടൊരു നമ്പര്‍ നല്‍കുന്നു.


4. കസ്റ്റമര്‍ കെയറെന്ന പേരിലെത്തുന്നത് ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കാനുള്ള നമ്പര്‍. എസ്എംഎസില്‍ അടങ്ങിയിരിക്കുന്നത് തട്ടിപ്പുകാരന്റെ ഫോണിലെ യുപിഐ അക്കൗണ്ട് വിവരങ്ങള്‍.

5. എസ്എംഎസ് യുപിഐ സെര്‍വറിന് ലഭിച്ചിരിക്കുന്നത് ഇരയുടെ നമ്പറില്‍ നിന്നായതിനാല്‍ അതിലെ അക്കൗണ്ട് നമ്പര്‍ തട്ടിപ്പുകാരന്റെ യുപിഐ അക്കൗണ്ടുമായി ചേരുന്നു.

6. ഇതോടെ തട്ടിപ്പുകാരന് പണം അയയ്ക്കാനും വാങ്ങാനും ഒടിപി പോലും ആവശ്യമില്ല. തട്ടിപ്പുകാരന്‍ ക്രമീകരിക്കുന്ന എംപിന്‍ എന്ന പാസ്‌വേഡ് മാത്രം മതിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com