സ്വവര്‍ഗാനുരാഗം മാനസികരോഗമെന്ന് ഡോക്ടര്‍; ഷോക്ക് ചികിത്സ നല്‍കിയതിന് ഡോക്ടര്‍ക്കെതിരെ കേസ് 

സ്വവര്‍ഗലൈംഗികത മാനസികരോഗമാണെന്ന് വിധിച്ച് ഇലക്ട്രിക് ഷോക്ക് അടക്കമുള്ള ചികിത്സാരീതികള്‍ പരീക്ഷിക്കുന്ന ഡോക്ടര്‍ക്കെതിരെ കേസ്
സ്വവര്‍ഗാനുരാഗം മാനസികരോഗമെന്ന് ഡോക്ടര്‍; ഷോക്ക് ചികിത്സ നല്‍കിയതിന് ഡോക്ടര്‍ക്കെതിരെ കേസ് 

ന്യൂഡല്‍ഹി: സ്വവര്‍ഗലൈംഗികത മാനസികരോഗമാണെന്ന് വിധിച്ച് ഇലക്ട്രിക് ഷോക്ക് അടക്കമുള്ള ചികിത്സാരീതികള്‍ പരീക്ഷിക്കുന്ന ഡോക്ടര്‍ക്കെതിരെ കേസ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. പി.കെ ഗുപ്തയ്‌ക്കെതിരെയാണ് കേസ്. നിയമങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ട കോടതി ഗുപ്തയ്ക്ക് സമന്‍സ് അയച്ചു. 

ഡല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍(ഡിഎംസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഡിഎംസി 2016ല്‍ ഗുപ്തയെ വിലക്കിയിരുന്നെങ്കിലും ഇത്തരം തെറ്റായ രീതികള്‍ അദ്ദേഹം തുടര്‍ന്നുപോരുകയായിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളായ ആളുകള്‍ക്ക് ഹോര്‍മോണല്‍ ചികിത്സയും ഷോക്ക് തെറാപ്പിയും നല്‍കുന്നു എന്നതാണ് ഗുപ്തയ്‌ക്കെതിരെയുള്ള പരാതി. വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത് കാര്യമാക്കാതെ ഗുപ്ത പ്രാക്ടീസ് തുടര്‍ന്നുപോരുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. 

പരാതിപ്രകാരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടിന്റെ ലംഘനമാണ് ഡോക്ടര്‍ നടത്തിയിരിക്കുന്നത്. പ്രഥമ ദൃഷ്ട്യാ കുറ്റവാളിയായി കണ്ടതിനാലാണ് കോടതി സമന്‍സ് അയച്ചത്. കോണ്‍വര്‍സേഷണ്‍ തെറാപ്പിയുടെ ഭാഗമായി ഡോക്ടര്‍ നടത്തിവരുന്ന ചികിത്സകള്‍ വൈദ്യശാസ്ത്ര പ്രകാരമോ രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലോ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നല്ല. വിലക്കിനെത്തുടര്‍ന്നും ഗുപ്ത വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നത് പ്രഥമ ദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ആളുകള്‍ കൗണ്‍സില്‍ നല്‍കുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബാദ്ധ്യതയുള്ളവരാണെന്നും കോടതി പറഞ്ഞു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിയും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. 

ഗുപ്തയും മറ്റ് ചില ഡോക്ടര്‍മാരും ഇത്തരം ചികിത്സകള്‍ തുടരുന്നുണെന്നും ഇത് പിന്നീട് ആളുകളെ വിഷാദം, ഉത്ക്കണ്ഠ, ആത്മഹത്യാ ചിന്ത തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ അംഗമായ അഞ്ജലി ഗോപാലന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൗണ്‍സില്‍ ഇയാള്‍ക്കെതിരെ നോട്ടീസ് അയച്ചപ്പോള്‍ താന്‍ കൗണ്‍സിലില്‍ അംഗത്വമെടുത്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ മറുപടി നല്‍കാന്‍ ബാധ്യസ്ഥനല്ലെന്നുമായിരുന്നു ഗുപ്തയുടെ നിലപാട്. 

ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്ക് നടത്തുന്ന ഡോ ഗുപ്ത 15മിനിറ്റ് കൗണ്‍സിലിങ്ങിന് 4500രൂപയാണ് ഈടാക്കുന്നത്. കൗണ്‍സിലിങ്ങിന് ശേഷമാണ് ഹോര്‍മോണല്‍ തെറാപ്പിയാണോ മനഃശാസ്ത്ര പരമായ ചികിത്സയാണോ എന്ന് തീരുമാനിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com