'തെറ്റു ചെയ്‌തെങ്കില്‍ അവനെ ശിക്ഷിക്കൂ, കുറ്റക്കാരനല്ലെങ്കില്‍ മകനെ കുടുക്കിയവരെ വെറുതെ വിടില്ല';  ഇന്‍സ്‌പെക്റ്ററുടെ കൊലപാതകത്തില്‍ അറസ്റ്റിലായ സൈനികന്റെ അമ്മ

'മകന്‍ കുറ്റക്കാരനല്ല എന്ന് തെളിയുന്ന നിമിഷം തന്റെ മകനെ കുടുക്കിയവരെ വെറുതെ വിടില്ല'
'തെറ്റു ചെയ്‌തെങ്കില്‍ അവനെ ശിക്ഷിക്കൂ, കുറ്റക്കാരനല്ലെങ്കില്‍ മകനെ കുടുക്കിയവരെ വെറുതെ വിടില്ല';  ഇന്‍സ്‌പെക്റ്ററുടെ കൊലപാതകത്തില്‍ അറസ്റ്റിലായ സൈനികന്റെ അമ്മ

ബുലന്ദ്ശഹര്‍ കലാപത്തിനിടെ ഇന്‍സ്‌പെക്റ്റര്‍ സുബോധ്കുമാര്‍ സിങ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സൈനികന്‍ ജീത്തു ഫൗജി നിരപരാധിയാണെന്ന് അമ്മ രതന്‍കൗര്‍. മകന്‍ തെറ്റുകാരനല്ലെന്നും കേസില്‍ കുടുക്കിയതാണെന്നും മനോരമ ന്യൂസിനോട് അമ്മ പറഞ്ഞു. എന്നാല്‍ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവന് തക്കതായ ശിക്ഷ നല്‍കണമെന്നും രതന്‍കൗര്‍ വ്യക്തമാക്കി. 

പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 400 ഓളം വരുന്ന അക്രമികളെ നിയന്ത്രിക്കുന്നതിന് ഇടയിലാണ് സുബോധ്കുമാര്‍ സിങ് വെടിയേറ്റ് മരിക്കുന്നത്. സംഭവത്തില്‍ ഇന്നാണ് ജിതേന്ദ്ര മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കശ്മീരിലെ സോപാര്‍ രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാംപിലെ ജവാനായ ജിതേന്ദ്ര മാലിക്കിനെ കലാപസമയത്ത് ദുരൂഹസാഹചര്യത്തില്‍ സുബോധ്കുമാര്‍ സിങിനൊപ്പം കണ്ടതിന്റെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഇയാളുടെ പക്കല്‍ തോക്കുണ്ടായിരുന്നതായും വിവരമുണ്ട്. സൈന്യമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പൊലീസിന് കൈമാറിയത്. 

തങ്ങളുടെ കുടുംബത്തെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും രതന്‍കൗര്‍ പറഞ്ഞു. മകന്‍ കുറ്റക്കാരനല്ല എന്ന് തെളിയുന്ന നിമിഷം തന്റെ മകനെ കുടുക്കിയവരെ വെറുതെ വിടില്ലെന്നാണ് ഈ അമ്മ പറയുന്നത്. ജീത്തുവിന്റെ അച്ഛന്‍ രാജ്പാലിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. വീട് തകര്‍ത്തു. മകന്റെ ഭാര്യയെ പുരുഷപൊലീസുകാര്‍ അടിച്ചുവെന്നും രതന്‍കൗര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com