ഗോവയില്‍ ഇരുന്ന് ബീഫ് കഴിച്ച് രാമചന്ദ്ര ഗുഹ; ഭീഷണി രൂക്ഷമായതോടെ ട്വീറ്റ് ചെയ്ത ചിത്രം പിന്‍വലിച്ചു

ഭീഷണി കനത്തതോടെയാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചത്
ഗോവയില്‍ ഇരുന്ന് ബീഫ് കഴിച്ച് രാമചന്ദ്ര ഗുഹ; ഭീഷണി രൂക്ഷമായതോടെ ട്വീറ്റ് ചെയ്ത ചിത്രം പിന്‍വലിച്ചു


ന്യൂഡല്‍ഹി; ബീഫ് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്‌ക്കെതിരെ ഭീഷണി. ബിജെപി ഭരിക്കുന്ന ഗോവയില്‍ നിന്നാണ് ഗുഹ ബീഫ് കഴിച്ചത്. ചിത്രം വൈറലായതോടെ സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയും ഭീഷണി എത്താന്‍ തുടങ്ങി. ഇതോടെ ഗുഹ ട്വീറ്റ് പിന്‍വലിച്ചു. 

ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിച്ചുകൊണ്ടുതന്നെ ഉച്ചഭക്ഷണമാകാമെന്ന് തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു രാമചന്ദ്ര ഗുഹ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഭീഷണി കനത്തതോടെയാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചത്. പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെന്നും ബീഫ് വിഷയത്തില്‍ ബിജെപി പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും പറഞ്ഞുകൊണ്ട് മറ്റൊരു ട്വീറ്റ് അദ്ദേഹം പോസ്റ്റ് ചെയ്തു. മനുഷ്യന് സ്വന്തം താല്‍പര്യപ്രകാരം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്‌നേഹിക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്നെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയ ആര്‍ കെ യാദവ് എന്നയാള്‍ റോയിലെ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) മുന്‍ ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. ഫോണിലൂടെ തനിക്കും ഭാര്യക്കുമെതിരെ ഒരാള്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. തനിക്കെതിരെ സംഘ്പരിവാര്‍ ഭീഷണിയുണ്ടെന്ന് രാമചന്ദ്ര ഗുഹ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ഗോവധം നിരോധിക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com