വീ മിസ് യു ഊര്‍ജിത്..!, ഒരു വലിയ പൈതൃകം പിന്നില്‍ ഉപേക്ഷിച്ചാണ് മടക്കം; പ്രശംസ ചൊരിഞ്ഞ് മോദി 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ഊര്‍ജിത് പട്ടേലിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വീ മിസ് യു ഊര്‍ജിത്..!, ഒരു വലിയ പൈതൃകം പിന്നില്‍ ഉപേക്ഷിച്ചാണ് മടക്കം; പ്രശംസ ചൊരിഞ്ഞ് മോദി 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ഊര്‍ജിത് പട്ടേലിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാമാന്യമായ ആര്‍ജവും മികച്ച വൈദഗ്ധ്യവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് ഊര്‍ജിത് പട്ടേല്‍ എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വലിയ നഷ്ടബോധമാണ് സൃഷ്ടിക്കുക എന്നും മോദി വ്യക്തമാക്കി. 

റിസര്‍വ് ബാങ്കില്‍ ഡെപ്യൂട്ടി ഗവര്‍ണറായും ഗവര്‍ണറായും അദ്ദേഹം ആറുവര്‍ഷം സേവനം അനുഷ്ഠിച്ചു. ഒരു വലിയ പൈതൃകം പിന്നില്‍ ഉപേക്ഷിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. ബാങ്കിങ് മേഖലയെ കുറ്റമറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഊര്‍ജിത് പട്ടേല്‍ വഹിച്ചത്. ബാങ്കിങ്  മേഖലയില്‍ അച്ചടക്കം ഉറപ്പുവരുത്താനും വലിയ സംഭാവനയാണ് ഇദ്ദേഹം നല്‍കിയതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായുളള ഭിന്നത വിവാദമായതിന് പിന്നാലെയാണ് ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. കരുതല്‍ ശേഖരം ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങളെ ചൊല്ലി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം വന്‍ വിവാദമായിരുന്നു. ഒരു ഘട്ടത്തില്‍ ഇദ്ദേഹം രാജിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. കഴിഞ്ഞ ബോര്‍ഡ് മീറ്റിങില്‍ അദ്ദേഹം രാജിവെയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗത്തില്‍ താത്കാലിക പരിഹാരമായതോടെ രാജിവെയ്ക്കുമെന്ന വാര്‍ത്ത അപ്രസക്തമായി. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com