അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി അല്‍പ്പ സമയത്തിനകം ;  പ്രതീക്ഷയോടെ കോണ്‍ഗ്രസ്, നെഞ്ചിടിപ്പോടെ ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍മാത്രം. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ഉച്ചയോടെ ഏകദേശ ചിത്രം തെളിയും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ത
അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി അല്‍പ്പ സമയത്തിനകം ;  പ്രതീക്ഷയോടെ കോണ്‍ഗ്രസ്, നെഞ്ചിടിപ്പോടെ ബിജെപി

 ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍മാത്രം. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ഉച്ചയോടെ ഏകദേശ ചിത്രം തെളിയും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് അല്‍പ്പ സമയത്തിനുള്ളില്‍ പുറത്ത് വരാനിരിക്കുന്നത്. 

 അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇനിയാര് എത്തും എന്നതിന്റെ വ്യക്തമായ സൂചനകള്‍ തന്നെയാവും നല്‍കുക. അധികാരം കയ്യിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം ബിജെപി അങ്ങേയറ്റം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ഭരണം നിലനിര്‍ത്താനാകുമെന്ന് പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും രാജസ്ഥാനില്‍ കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസമേകുന്നതായിരുന്നു. കേവല ഭൂരിപക്ഷം കോണ്‍ഗ്രസിന് നേടാനാവുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ആകെ 200 സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ 110 സീറ്റ് വരെ കോണ്‍ഗ്രസ് നേടിയേക്കാമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 111 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്നും പ്രവചനമുണ്ട്. 13 വര്‍ഷമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന ശിവരാജ് സിങ് ചൗഹാനാണ് ബിജെപിയുടെ എല്ലാമെല്ലാം. ബിജെപിയുടെ കുലുങ്ങാത്ത കോട്ടയാണ് മധ്യപ്രദേശ് എന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ കയ്യും മെയ്യും മറന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കുറി ഇറങ്ങിയതോടെ ബിജെപിയുടെ അടിത്തറ ഇളകിയേക്കുമെന്ന് തന്നെയാണ് പ്രവചനങ്ങള്‍ പറയുന്നത്. 

 പതിനഞ്ച് വര്‍ഷമായി ബിജെപിയുടെ ഉരുക്ക് കോട്ടയാണ് ഛത്തീസ്ഗഡ്. 2003 ല്‍ അധികാരത്തിലേറിയ രമണ്‍സിങിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഭരണത്തുടര്‍ച്ച ഇക്കുറിയും ഉണ്ടായേക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഭരണവിരുദ്ധ വികാരമില്ലാതാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നതാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

 രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഛത്തീസ്ഗഡില്‍ നിന്നുമെല്ലാം വ്യാപക ക്രമക്കേടുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമില്‍ രണ്ട് മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടതും, സിസിടവി പ്രവര്‍ത്തിക്കാതിരുന്നതും വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഇതിന് പിന്നാലെ സ്‌ട്രോങ് റൂമിലേക്ക് വാഹനമിടിച്ച് കയറ്റുന്നതിനും, റൂമിനുള്ളില്‍ നിന്നും ലാപ്‌ടോപ്പുമായി റിലയന്‍സ് ജീവനക്കാരെ പിടികൂടിയതും, വോട്ടിങ് യന്ത്രങ്ങള്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും റോഡരികില്‍ നിന്നും കണ്ടെത്തിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങളെല്ലാം വാസ്തവമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയതോടെയാണ് അട്ടിമറിക്കുള്ള സാധ്യകള്‍ തള്ളേണ്ടെന്ന അഭ്യൂഹവും ശക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com