അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പം ?; വോട്ടെണ്ണൽ ആരംഭിച്ചു ; ജനവിധിക്ക് കാതോർത്ത് രാജ്യം

അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 
അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പം ?; വോട്ടെണ്ണൽ ആരംഭിച്ചു ; ജനവിധിക്ക് കാതോർത്ത് രാജ്യം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 12 മണിയോടെ അധികാരം ആര് നേടുമെന്ന കാര്യത്തിൽ ഏകദേശ ചിത്രം തെളിയും. 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് അ‍ഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ രാജ്യം ജനവിധിക്കായി കാത്തിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് ഫലത്തിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു. 

എക്സിറ്റ് പോൾ ഫലങ്ങൾ കോൺ​ഗ്രസിന് പ്രതീക്ഷ നൽകുമ്പോൾ, ബിജെപി വീണ്ടും അധികാരം നിലനിർത്താമെന്ന വിശ്വാസത്തിലാണ്. അധികാരം കയ്യിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം ബിജെപി അങ്ങേയറ്റം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജസ്ഥാനിൽ ബിജെപിക്ക് വൻ തിരിച്ചടിയുണ്ടാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. 

രാജസ്ഥാനിൽ 199, മധ്യപ്രദേശിൽ 230, തെലങ്കാനയിൽ 119, ഛത്തീസ് ​ഗഡിൽ 90, മിസോറാമിൽ 40 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ്. തെലങ്കാന കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയും (ടിആർഎസ്), മിസോറാം കോൺ​ഗ്രസുമാണ് ഭരിക്കുന്നത്. 

രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കോൺ​ഗ്രസിലെ സച്ചിൻ പൈലറ്റ്, അശോക് ​ഗെഹലോട്ട് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ. മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ, ഛത്തീസ് ​ഗഡിൽ മുഖ്യമന്ത്രി രമൺ സിം​ഗ്, തെലങ്കാനയിൽ ചന്ദ്രശേഖര റാവു എന്നിവർ വീണ്ടും ജനവിധി തേടുന്ന പ്രമുഖരിൽപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയിൽ തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനും നിർണായകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com