നിര്‍ബന്ധിച്ച് കായിക പരിശീലനത്തിന് ഇറക്കി; കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് കായിക പരിശീലനത്തിനിടെയാണ് മഹിമ കുഴഞ്ഞു വീണത്
നിര്‍ബന്ധിച്ച് കായിക പരിശീലനത്തിന് ഇറക്കി; കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

ചെന്നൈ: കായിക പരിശീലനത്തിനിടെ ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ മഹിമയാണ് മരിച്ചത്. അസുഖ ബാധിതയായ കുട്ടിയെ നിര്‍ബന്ധിത കായിക പരിശീലനത്തിന് ഇറക്കിയതാണ് മരണത്തിന് കാരണമായത്. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. 

തിങ്കളാഴ്ച ഉച്ചയ്ക്ക് കായിക പരിശീലനത്തിനിടെയാണ് മഹിമ കുഴഞ്ഞു വീണത്. വിളര്‍ച്ചയും കുറഞ്ഞ രക്തസമ്മര്‍ദ്ദവുമുള്ളതു കാരണം തന്നെ കായിക പരിശീലനത്തില്‍ നിന്നും ഒഴിവാക്കണമെന്ന മഹിമ കായിക അധ്യാപകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗ്രൗണ്ടിലൂടെ ഓടുന്നത് രക്തം കൂടുതല്‍ വേഗത്തില്‍ പമ്പ് ചെയ്യാന്‍ സഹായിക്കും എന്നു പറഞ്ഞ് നിര്‍ബന്ധിച്ച് പരിശീലനത്തിന് അയക്കുകയായിരുന്നു. ഗ്രൗണ്ടിലെ ഓട്ടത്തിന് ശേഷം ഉടന്‍ മഹിമയെ ബാസ്‌കറ്റ് ബോള്‍ പ്രാക്റ്റീസിന് അയച്ചു. ഇതോടെ വിദ്യാര്‍ത്ഥി കോര്‍ട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

കൃത്യമായ സിപിആര്‍ പോലും വിദ്യാര്‍ത്ഥിക്ക് ലഭിച്ചില്ല. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നിര്‍ജ്ജലീകരണം കാരണമുള്ള കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.  പെണ്‍കുട്ടിക്ക് മറ്റെന്തെങ്കിലും രോഗമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

കോളജില്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ എന്ന പരിപാടിക്കിടെയാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെല്ലാം ഇതില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇതില്‍ എട്ടു റൗണ്ട് ഗ്രൗണ്ടില്‍ക്കൂടി നിര്‍ത്താതെ ഓടുകയും പിന്നീട് ക്രിക്കറ്റോ ഫുട്‌ബോളോ മറ്റോ കളിക്കുകയും വേണം. ഇതിനെതിരേ മുന്‍പും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

അസുഖബാധിതയാണെന്നു പറഞ്ഞിട്ടും പരിശീലനത്തിന് അയച്ചതാണ് മരണത്തിന് കാരണമായത് എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. 500 ല്‍ അധികം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ പോലും പ്രിന്‍സിപ്പല്‍ തയാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com