ബലാത്സംഗത്തിന് ഇരയാവുന്നവരെ തൊട്ടുകൂടാത്തവരായി കാണുന്നു; അക്രമിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി

പത്രങ്ങളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ചെറിയ രീതിയില്‍ പോലും ഇരകളുടെ വ്യക്തിത്വം പരാമര്‍ശിക്കപ്പെടരുത്
ബലാത്സംഗത്തിന് ഇരയാവുന്നവരെ തൊട്ടുകൂടാത്തവരായി കാണുന്നു; അക്രമിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി; ബലാത്സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാവുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് സുപ്രീംകോടതി. അക്രമത്തിന് ഇരയാവുന്നവരെ തൊട്ടുകൂടാത്തവരായി കാണുന്നത് ദൗര്‍ഭാഗ്യകരമാണൈന്നും അതിനാലാണ് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. പത്രങ്ങളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ചെറിയ രീതിയില്‍ പോലും ഇരകളുടെ വ്യക്തിത്വം പരാമര്‍ശിക്കപ്പെടരുതെന്നാണ് ജസ്റ്റിസ് മധന്‍ ബി ലൊകുര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. 

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള കേസുകളുടെ എഫ്‌ഐആര്‍ പൊതുമണ്ഡലങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ന്യായമായ വിചാരണ നടക്കണമെങ്കില്‍ മാധ്യമസ്വാതന്ത്രവും ഇരയുടെ അവകാശങ്ങളും തുല്യമായിരിക്കണമെന്നാണ് നേരത്തെ നടന്ന വിചാരണയില്‍ സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ ഇത്തരം കേസുകളില്‍ സമാന്തര വിചാരണ നടത്തുകയാണെന്നും അതിനാല്‍ ഇതിന് തടയിടാന്‍ പ്രത്യേത മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും പ്രമുഖ അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് വ്യക്തമാക്കിയിരുന്നു. 

ചാര്‍ജ് ഷീറ്റ് തയാറാക്കുന്നതിന് മുന്‍പായി ചില പൊലീസുകാര്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. റേപ്പ് കേസിലെ മാധ്യമങ്ങളുടെ ഇടപെടലുകള്‍ ജുഡീഷ്യറിയിലേക്കുള്ള കൈകടത്തലാവുമെന്നും ഇന്ദിര കൂട്ടിച്ചേര്‍ത്തു. കത്തുവ കേസിനെയാണ് ഉദാഹരണമായി എടുത്തു കാട്ടിയത്. കോടതി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രതികളില്‍ ചിലര്‍ കുറ്റക്കാരല്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും പറഞ്ഞുകൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ഇത്തരത്തിലാണെന്നും അവര്‍ പറഞ്ഞു. 

2012 ഡിസംബര്‍ 16 ന് പാരമെഡിക്കല്‍ വിദ്യാര്‍ത്ഥി ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഇരകളുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com