ബിജെപിയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് പിന്തുണ ; നിലപാട് വ്യക്തമാക്കി മായാവതി

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്നതാണ് ബിഎസ്പിയുടെ ലക്ഷ്യം
ബിജെപിയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് പിന്തുണ ; നിലപാട് വ്യക്തമാക്കി മായാവതി

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി അറിയിച്ചു. ആവശ്യമെങ്കില്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് ബിഎസ്പി പിന്തുണ നല്‍കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിക്ക് എതിരാണെന്നും മായാവതി പറഞ്ഞു. 

ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതികരണമാണ് ജനവിധിയില്‍ പ്രതിഫലിച്ചത്. മറ്റൊരു മുന്നണി ഇല്ലാത്തതിനാല്‍ ജനം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു. ഛത്തീസ്ഗഡ് ഒഴികെ മറ്റ് രണ്ട് സംസ്ഥാനങ്ങളിലും ബിഎസ്പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

കോണ്‍ഗ്രസിന്റെ പല നയങ്ങളും പാര്‍ട്ടി അംഗീകരിക്കുന്നില്ല. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്നതാണ് ബിഎസ്പിയുടെ ലക്ഷ്യം. അതിനാല്‍ മധ്യപ്രദേശില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ നല്‍കും. ആവശ്യമെങ്കില്‍ രാജസ്ഥാനിലും പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് നല്‍കുമെന്നും മായാവതി പറഞ്ഞു. 

മധ്യപ്രദേശിൽ ബിഎസ്പിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ഒരു സമാജ് വാദി പാർട്ടി എംഎൽഎയും കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് സ്വതന്ത്ര എംഎൽഎമാരും കോൺ​ഗ്രസിന് പിന്തുണ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com