പ്രധാനമന്ത്രി മോഹം തകര്‍ന്നതാണോ മൗനത്തിന് കാരണം ?; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് മമതയ്ക്ക് മനസിലായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കപടരാഷ്ട്രീയമാണ് പുറത്തുവരുന്നത്
പ്രധാനമന്ത്രി മോഹം തകര്‍ന്നതാണോ മൗനത്തിന് കാരണം ?; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്


കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും അഭിനന്ദിക്കുമ്പോള്‍, പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൗനം തുടരുന്നത് നിരാശ കൊണ്ടെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയാകാമെന്ന മോഹം പൊലിഞ്ഞതുകൊണ്ടാണ് മമത കോണ്‍ഗ്രസിനെയും രാഹുലിനെയും അഭിനന്ദിക്കാന്‍ രംഗത്തു വരാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുന്‍ പിസിസി അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കൊല്‍ക്കത്തയില്‍ നടത്തിയ റാലിയിലാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

തെരഞ്ഞെടുപ്പ് വിജയത്തില്‍ രാജ്യം മുഴുവന്‍ രാഹുലിനെയും കോണ്‍ഗ്രസിനെയും അഭിനന്ദിക്കുകയാണ്. എന്നാല്‍, മമത മാത്രം മിണ്ടുന്നില്ല. കോണ്‍ഗ്രസ് വിജയത്തില്‍ അവര്‍ സന്തോഷവതിയല്ലേ എന്ന ചോദ്യം കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് മമതയ്ക്ക് മനസിലായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കപടരാഷ്ട്രീയമാണ് പുറത്തുവരുന്നത്. 

പ്രധാനമന്ത്രി മോഹം ചോദ്യചിഹ്നത്തിലായതാണ് മമതയെ പ്രകോപിപ്പിച്ചത്. ഡല്‍ഹിയില്‍ പ്രതിപക്ഷ യോഗത്തിന് പോകുമ്പോള്‍ മമത ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. തിരിച്ച് ബംഗാളിലെത്തുമ്പോള്‍ ജനാധിപത്യവിരുദ്ധമായി പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും ഗോഗോയ് ആരോപിച്ചു. 
 
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിജയികളെ മമത ബാനര്‍ജി അഭിനന്ദിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിനെയോ രാഹുല്‍ ഗാന്ധിയെയോ പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ പ്രതികരണം. ഇതോടെയാണ് മമതയ്ക്കും തൃണമൂലിനും എതിരെ കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com