വെല്ലൂർ: യുവാക്കളുടെ ഹരമായി മാറിയ പുതിയ വീഡിയോ ഗെയിം പബ്ജി കളിക്കുന്നതിന് വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തി എന്‍ജിനീയറിങ് കോളജ് അധികൃതർ. തമിഴ്നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) യിലെ വിദ്യാർത്ഥികൾക്കാണ് വിലക്ക്. ഹോസ്റ്റലിൽ പബ്ജി കളിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
കുട്ടികളുടെ കളി പരിധി വിട്ടതിനെ തുടർന്നാണു നടപടി. ഗെയിം കളിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നറിയച്ച് സർക്കുലർ ഇറക്കുകയായിരുന്നു ഹോസ്റ്റൽ അധികൃതർ. ചില വിദ്യാർഥികൾ പബ്ജി കളിക്കുന്നത് മറ്റു കുട്ടികൾക്ക് അലോസരം സൃഷ്ടിക്കുന്നെന്നും ഇത് ഹോസ്റ്റലിന്റെ അന്തരീക്ഷം നശിപ്പിക്കുന്നെന്നും സർക്കുലറിൽ പറയുന്നു. ഹോസ്റ്റൽ അധികൃതരുടെ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് പുറത്തുവിട്ടത്. കളി വിലക്കിയുള്ള സർക്കുലർ വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിലും റെഡ്ഡിറ്റിലും ഷെയർ ചെയ്തു.
കുട്ടികളിൽ പലരും ഗെയിം കളിച്ച് ഹോസ്റ്റലിൽ പകൽ ചെലവഴിക്കുകയാണെന്നും പല കുട്ടികളും ഗെയിമിന് അടിമകളായി മാറിയെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് സർക്കുലർ ഇറക്കിയതെന്നും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ