മുഖ്യമന്ത്രിമാരെ ഇന്ന് അറിയാം; രാഹുല്‍ഗാന്ധി അന്തിമതീരുമാനമെടുക്കും

രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും അവകാശവാദം ഉന്നയിച്ചതോടെ പോര് മുറുകുകയാണ്
മുഖ്യമന്ത്രിമാരെ ഇന്ന് അറിയാം; രാഹുല്‍ഗാന്ധി അന്തിമതീരുമാനമെടുക്കും

ന്യൂഡല്‍ഹി; അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലെ വിജയം കൈയടക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ച. ഛത്തിസ്ഗഢ് മധ്യപ്രദേശ് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാര്‍ ആരെന്ന് ഇന്ന് അറിയാനാകും. മധ്യപ്രദേശില്‍ കമല്‍ നാഥിനും ഛത്തിസ്ഗഢില്‍ ഭൂപേന്ദ്ര ബാഗേല്‍ക്കുമാണ് മുന്‍തൂക്കം. എന്നാല്‍ രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിന്‍ പൈലറ്റും അശോക് ഗെഹ്‌ലോട്ടും അവകാശവാദം ഉന്നയിച്ചതോടെ പോര് മുറുകുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക.
 
രാജസ്ഥാനിലും മധ്യപ്രദേശിലും നേരിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. രാജസ്ഥാനിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സച്ചിന്‍ പൈലറ്റിനെയും അശോക് ഗെലോട്ടിനെയും പാര്‍ട്ടി നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയായിരിക്കും പരിഗണിക്കുക. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഐസിസി നിയോഗിച്ച നിരീക്ഷകരായ എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.

പി.സി.സി പ്രസിഡന്റിനെ മുഖ്യമന്ത്രിയാക്കണോ, അനുഭവത്തഴക്കത്തിനും സാമുദായിക പരിഗണനകള്‍ക്കും മുന്‍തൂക്കം നല്‍കണമോ എന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കമല്‍ നാഥ്, രാജസ്ഥാനില്‍ സചിന്‍ പൈലറ്റ്, ഛത്തിസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍ എന്നിവരാണ് പി.സി.സി പ്രസിഡന്റുമാര്‍. മൂന്നുപേരും തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവര്‍. എന്നാല്‍, ജയസാധ്യതയിലെ മറ്റു ഘടകങ്ങള്‍കൂടി പരിഗണിച്ചാണ് രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനെക്കൂടി മത്സരിപ്പിച്ചത്. കമല്‍ നാഥിനൊപ്പം മധ്യപ്രദേശിലെ വിജയത്തില്‍ ജ്യോതിരാദിത്യ സിന്ധ്യക്കും വലിയ പങ്കുണ്ട്. 

അതേസമയം, ഭൂരിപക്ഷം നേര്‍ത്തതാണെന്നിരിക്കേ, എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള അനുഭവത്തഴക്കവും മെയ്‌വഴക്കവും മുതിര്‍ന്ന നേതാക്കളായ ഗെഹ്‌ലോട്ടിനും കമല്‍ നാഥിനും കൂടുതലുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള കണക്കുകൂട്ടലുകള്‍ കൂടി മുന്‍നിര്‍ത്തിയാകും അന്തിമ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com