അനശ്ചിതത്വം നീങ്ങി; മധ്യപ്രദേശില്‍ കമല്‍നാഥ്; രാജസ്ഥാനില്‍ അശോക് ഗെലോട്ട്

.മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷന്‍ കമല്‍ നാഥും രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും മുഖ്യമന്ത്രിമാരാകും
അനശ്ചിതത്വം നീങ്ങി; മധ്യപ്രദേശില്‍ കമല്‍നാഥ്; രാജസ്ഥാനില്‍ അശോക് ഗെലോട്ട്

ഭോപ്പാല്‍: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മധ്യപ്രദേശിലെയും രാസ്ഥാനിലെയും മുഖ്യമന്ത്രിമാരെ തീരുമാനിച്ചു.മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷന്‍ കമല്‍ നാഥും രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും മുഖ്യമന്ത്രിമാരാകും. ഏകെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം കമല്‍നാഥിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ഈ യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിങും പങ്കെടുത്തു. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിന്റെ പേര് യോഗത്തില്‍ നിര്‍ദേശിച്ചത്.കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനിന്നിരുന്നു. ജോതിരാദിത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കമല്‍നാഥിന്റെ കാര്യത്തില്‍ തീരുമാനമായത്.

പിന്നീട് കമല്‍നാഥിന്റെയും  ജോതിരാദിത്യ  സിന്ധ്യയുടെയും ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.  ക്ഷമയും സമയവുമാണ് കരുത്തുള്ള പോരാളികളെന്ന് രാഹുല്‍ ഗാന്ധി ഈ ചിത്രത്തിന് ഒപ്പം കുറിച്ചു. ഇതോടെ മധ്യപ്രദേശിലെ മഞ്ഞുരുകിയെന്ന് ഉറപ്പായിരുന്നു. പിന്നീടാണ് നിയമസഭ കക്ഷി യോഗവും കമല്‍നാഥിന് അനുകൂലമായ തീരുമാനവും ഉണ്ടായത്.

എന്നാല്‍ അതേസമയം മധ്യപ്രദേശ് മുന്‍ പിസിസി അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മത്സരമില്ലെന്നായിരുന്നു ജോതിരാദിത്യ സിന്ധ്യ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍ നാഥിന്റെയും ജോതിരാദിത്യ   സിന്ധ്യയുടെയുമായിരുന്നു. മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്‌വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് കമല്‍നാഥ്. 

യുവ നേതാവും പ്രചാരണവിഭാഗം തലവനുമാണ് ജ്യോതിരാദിത്യ  സിന്ധ്യ. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. 

1968ല്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമല്‍നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com