ഒരു ലോണില്‍ വീഴ്ചവരുത്തിയതുകൊണ്ട് മല്ല്യയെ കള്ളനെന്ന് വിളിക്കുന്നത് ന്യായമല്ല; നിതിന്‍ ഗഡ്കരി 

മല്യയെ ഇന്ത്യയ്ക്ക് വിട്ടു തരാന്‍ അനുവദിച്ചുകൊണ്ട് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശം
ഒരു ലോണില്‍ വീഴ്ചവരുത്തിയതുകൊണ്ട് മല്ല്യയെ കള്ളനെന്ന് വിളിക്കുന്നത് ന്യായമല്ല; നിതിന്‍ ഗഡ്കരി 

ന്യൂഡല്‍ഹി: ഒരു ലോണില്‍ വീഴ്ചവരുത്തിയെന്ന കാരണത്താല്‍ വിജയ് മല്ല്യയെ കള്ളനെന്ന് വിളിക്കുന്നത് ന്യായമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടവില്‍ വീഴ്ചവരുത്തിയ മല്യയെ ഇന്ത്യയ്ക്ക് വിട്ടു തരാന്‍ അനുവദിച്ചുകൊണ്ട് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഗഡ്കരിയുടെ പരാമര്‍ശം.

' 40 വര്‍ഷം മല്യ തുടര്‍ച്ചയായി വായ്പ അടച്ചിരുന്നു. പിന്നീട് വ്യോമയാന വ്യവസായത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹത്തിന് പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നു. പെട്ടെന്ന് അദ്ദേഹം കള്ളനായി മാറി. 50വര്‍ഷം വായ്പ തിരിച്ചടച്ച ഒരാള്‍ ഒരിക്കല്‍ അതില്‍ വീഴ്ച വരുത്തിയാല്‍ പെട്ടെന്നുതന്നെ എല്ലാം തട്ടിപ്പായി മാറും. ഈ ചിന്താഗതി ശരിയല്ല', ടൈംസ് ഗ്രൂപ്പിന്റെ ഇക്കണോമിക് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മല്യ വിഷയത്തിലെ തന്റെ നിലപാട് ഗഡ്കരി വ്യക്തമാക്കിയത്.

ഉയര്‍ച്ചതാഴ്ചകള്‍ ബിസിനസ്സിന്റെ ഭാഗമാണെന്നും എല്ലാ വ്യവസായത്തിനും അതിന്റേതായ അപകട സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യമോ ആഭ്യന്തര പ്രശ്‌നങ്ങളോ ആണ് വായ്പ തിരിച്ചടക്കുന്നതിന് തടസ്സമെങ്കില്‍ ഇവരെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മല്ല്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ നേരിടണമെന്നും ഗഡ്കരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com