വില താരതമ്യം ചെയ്യുന്നത് കോടതിയുടെ പണിയല്ല, റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ അപാകതയില്ല; റഫാലില്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി സുപ്രിം കോടതി

വ്യക്തികളുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി പ്രതിരോധ കരാറില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് കോടതി
വില താരതമ്യം ചെയ്യുന്നത് കോടതിയുടെ പണിയല്ല, റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ അപാകതയില്ല; റഫാലില്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി സുപ്രിം കോടതി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ ഇന്ത്യന്‍ പങ്കാളിയായി നിശ്ചയിച്ചതില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് സുപ്രിം കോടതി. വിമാനങ്ങളുടെ വില താരതമ്യം ചെയ്യുകയെന്നത് കോടതി ചെയ്യേണ്ട ജോലിയല്ലെന്നും, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വ്യക്തികളുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി പ്രതിരോധ കരാറില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ പങ്കാളിയെ നിശ്ചയിച്ചതില്‍ പങ്കൊന്നുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ ഡസ്സോ ഏവിയേഷനാണ് ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഒരു ജുഡീഷ്യല്‍ റിവ്യുവിന്റെ ആവശ്യമില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. വില താരതമ്യം ചെയ്യുകയെന്നത് കോടതിയുടെ പണിയല്ല. കരാറിന്റെ നടപടിക്രമങ്ങളില്‍ പിഴവു കണ്ടെത്താനായിട്ടില്ല. കോടതിക്ക് ഇക്കാര്യത്തില്‍ തൃപ്തിയാണുള്ളത്. 126 വിമാനങ്ങള്‍ വാങ്ങണമെന്ന് സര്‍ക്കാരിനോടു നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. പ്രതിരോധ കരാറില്‍ ഓരോ ഘടകവും ചൂഴ്ന്നു പരിശോധിക്കുകയെന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനത്തിലോ വിലയിലോ നടപടിക്രമങ്ങളിലോ എന്തെങ്കിലും പിഴവുള്ളതായി കോടതിക്കു കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. 

തീരുമാനമെടുക്കല്‍, വില, നടപടിക്രമങ്ങള്‍ എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി. യുദ്ധവിമാനം സേനയ്ക്ക് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. വിലയുടെ കാര്യത്തിലും നടപടിക്രമങ്ങളിലും എന്തെങ്കിലും പിഴവു സംഭവിച്ചതായി കണ്ടെത്താനായിട്ടില്ല. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ നിശ്ചയിച്ചതിലും അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. ചീഫ് ജസ്റ്റിസ് തന്നെയാണ് ബെഞ്ചിനു വേണ്ടി വിധിയെഴുതിയത്. 

റഫാല്‍ ഇടപാടിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എംഎല്‍ ശര്‍മ, വിനീത ധന്‍ഡ എന്നിവരാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നീട് പ്രശാന്ത് ഭൂഷണ്‍, മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരും സമാനമായ ആവശ്യമായി സുപ്രിം കോടതിയില്‍ എത്തി.

ഫ്രാന്‍സില്‍നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2016ലാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. 36,000 കോടി രൂപയുടെ കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. 126 വിമാനങ്ങള്‍ വാങ്ങാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ ഭേദഗതി ചെയ്താണ് ബിജെപി സര്‍ക്കാര്‍ പുതിയ കരാറുണ്ടാക്കിയത്. ഫ്രഞ്ച് കമ്പനിയായ ഡസോയുടെ സഹായത്തോടെ റഫാല്‍ വിമാനം ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് അനില്‍ അംബാനിയുടെ റിലയന്‍സിനെ പങ്കാളിയാക്കിയതിലും വന്‍ അഴിമതി നടന്നതായി ആക്ഷേപമുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, കേസിന്റെ വാദത്തിനിടെ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസിന്റ നേതൃത്വത്തിലുള്ള ബെഞ്ച് കോടതിയിലേക്കു വിളിച്ചുവരുത്തിയിരുന്നു. സാങ്കേതികതമായ കാര്യങ്ങളിലെ വ്യക്തതയ്ക്കു വേണ്ടിയാണ് വൈസ് എയര്‍മാര്‍ഷല്‍ ടി ചലപതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com