എക്‌സ്‌റേയില്‍ കള്ളി വെളിച്ചത്ത് ; യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് നാലുകോടിയുടെ മയക്കുമരുന്ന് ക്യാപ്‌സൂളുകള്‍ ; സഹായികളും പിടിയില്‍

വിപണിയില്‍ ലഭിക്കുന്നതില്‍വച്ച് ഏറ്റവും വിലയേറിയ ലഹരിമരുന്നില്‍ ഉള്‍പ്പെടുന്ന കൊളംബിയന്‍ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്
എക്‌സ്‌റേയില്‍ കള്ളി വെളിച്ചത്ത് ; യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് നാലുകോടിയുടെ മയക്കുമരുന്ന് ക്യാപ്‌സൂളുകള്‍ ; സഹായികളും പിടിയില്‍


ന്യൂഡല്‍ഹി: ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാലുകോടി രൂപയുടെ മയക്കുമരുന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജമൈക്കന്‍ യുവതിയെയും സഹായികളെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. 

വിപണിയില്‍ ലഭിക്കുന്നതില്‍വച്ച് ഏറ്റവും വിലയേറിയ ലഹരിമരുന്നില്‍ ഉള്‍പ്പെടുന്ന കൊളംബിയന്‍ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. 74 ക്യാപ്‌സൂളുകളിലായി 900 ഗ്രാം കൊക്കെയ്‌നാണ് യുവതിയില്‍ നിന്നും പിടിച്ചെടുത്തത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ജമൈക്കന്‍ യുവതി, വന്‍തോതില്‍ മയക്കുമരുന്നുമായി അഡിസ് അബാബ വഴി ദില്ലിയിലെത്തുമെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. 

ഡിസംബര്‍ ആറിന് ഇവര്‍ ഡല്‍ഹിയിലെത്തുമെന്നായിരുന്നു സന്ദേശം. ഇവര്‍ക്കൊപ്പം സഹായികളായ രണ്ട് നൈജിരിയന്‍ പൗരന്മാരും അതേ വിമാനത്തില്‍ എത്തുമെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് വിഭാഗം വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. 

വിമാനമിറങ്ങിയ ജമൈക്കന്‍ യുവതിയുടെ ബാഗേജുകള്‍ നാര്‍ക്കോട്ടിക് വിഭാഗവും, കസ്റ്റംസ്, പൊലീസ് അധികൃതരും വിശദമായി പരിശോധിച്ചു. എന്നാല്‍ സംശയകരമായി ഒന്നും കാണാന്‍ സാധിച്ചില്ല. എങ്കിലും യുവതിയെ വിട്ടയക്കാതെ, സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ വിശദമായ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കാന്‍ തീരുമാനിച്ചു. 

ഇവിടെ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വയറ്റിനുള്ളില്‍ അന്യപദാര്‍ഥം ഉള്ളതായി തെളിഞ്ഞത്. തുടര്‍ന്ന് വയറിളക്കാന്‍ മരുന്ന് നല്‍കുകയായിരുന്നു. ഇങ്ങനെയാണ് കുടലില്‍ ഒളിപ്പിച്ച 74 ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് നൈജീരിയക്കാരേയും നാര്‍ക്കോട്ടിക് നിയന്ത്രണ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇന്ത്യയിലെ ക്രിസ്മസ്-പുതുവത്സര പാര്‍ട്ടികള്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്നുകള്‍ എത്തിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിരവധി പേര്‍ ഇനിയും അറസ്റ്റിലാകുമെന്നും അധികൃതര്‍ അറിയിച്ചു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com