കശ്മീര്‍ താഴ്‌വര മഞ്ഞുമൂടിയ ആര്‍ട്ടിക്, വെളളിയാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് തണുപ്പ്; ദ്രാസില്‍ മൈനസ് 19.7 ഡിഗ്രി

കശ്മീര്‍ അതിശൈത്യത്തിന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്
കശ്മീര്‍ താഴ്‌വര മഞ്ഞുമൂടിയ ആര്‍ട്ടിക്, വെളളിയാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് തണുപ്പ്; ദ്രാസില്‍ മൈനസ് 19.7 ഡിഗ്രി

ശ്രീനഗര്‍: കശ്മീര്‍ അതിശൈത്യത്തിന്റെ പിടിയിലെന്ന് റിപ്പോര്‍ട്ട്. ആര്‍ടിക് മേഖലയ്ക്ക് സമാനമായ തണുപ്പാണ് കശ്മീരിന്റെ പലഭാഗങ്ങളിലും അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയത് സീസണിലെ റെക്കോര്‍ഡ് തണുപ്പാണ്. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണെന്ന് കാലാവസ്ഥാ പഠനവിഭാഗം വ്യക്തമാക്കുന്നു. 

ശ്രീനഗറിന് പുറമേ ഗുല്‍മാര്‍ഗ്, കോകര്‍നാഗ്, ഖാസിഗുണ്ഡ്, കുപ് വാര, ഗുല്‍മാര്‍ഗ്, ലേ, ദ്രാസ് എന്നിവിടങ്ങളിലും സീസണിലെ കുറഞ്ഞ താപനില രേഖപ്പെടുത്തി. കാര്‍ഗില്‍ ജില്ലയിലെ ദ്രാസാണ് കശ്മീരിലെ ഏറ്റവും തണുപ്പേറിയ മേഖല. മൈനസ് 19.7 ഡിഗ്രി സെല്‍ഷ്യസാണ്  ഇവിടെ രേഖപ്പെടുത്തിയത്. ഗുല്‍മാര്‍ഗില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 11.5 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗുല്‍മാര്‍ഗിലുണ്ടായ ഏറ്റവും തണുത്ത രാവാണിതെന്ന് കാലാവസ്ഥാ പഠന വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.

തെക്കന്‍ കശ്മീരിലെ കോകര്‍നാഗില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മേഖലയില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ തണുപ്പാണിത്. വടക്കന്‍ കശ്മീരിലെ കുപ്‌വാരയില്‍ മൈനസ് 4.5 ഡിഗ്രി സെല്‍ഷ്യസും ലഡാക്കിലെ ലേ നഗരത്തില്‍ മൈനസ് 13.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയും വെള്ളിയാഴ്ച രേഖപ്പെടുത്തി. അമര്‍നാഥ് യാത്രയുടെ ബേസ്‌ക്യാമ്പ് കൂടിയായ പഹല്‍ഗാമില്‍ 9.5 ഡിഗ്രി സെല്‍ഷ്യസാണ് വെള്ളിയാഴ്ച രാത്രി രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com