പിന്‍ഗാമി മകന്‍ തന്നെ ; കെ ടി രാമറാവുവിനെ ടിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു ; ചന്ദ്രശേഖരറാവുവിന്റെ കണ്ണ് ഡല്‍ഹിയിലേക്ക് ?

ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് മകന്‍ കെ ടി രാമറാവുവിനെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചത്
പിന്‍ഗാമി മകന്‍ തന്നെ ; കെ ടി രാമറാവുവിനെ ടിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു ; ചന്ദ്രശേഖരറാവുവിന്റെ കണ്ണ് ഡല്‍ഹിയിലേക്ക് ?

ഹൈദരാബാദ് : അനന്തരവനും ജനകീയനുമായ ടി ഹരീഷ് റാവുവിനെ പിന്തള്ളി മകന്‍ കെ ടി രാമറാവുവിനെ ടിആര്‍എസിലെ രണ്ടാമനായി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. കഴിഞ്ഞ മന്ത്രിസഭയില്‍ ഐടി വകുപ്പ് മന്ത്രിയായിരുന്ന രാമറാവുവിന് പാര്‍ട്ടി ചുമതല ഒന്നും ഇല്ലാതിരിക്കെയാണ് അപ്രതീക്ഷിത നീക്കം. 

മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് മകന്‍ കെ ടി രാമറാവുവിനെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചത്. കെസിആറിന്റെ പിന്‍ഗാമിയായി അനന്തരവനും ജനകീയ നേതാവുമായ ടി ഹരീഷ് റാവിവിന്റെ പേരാണ് സജീവമായി ഉയര്‍ന്നു കേട്ടിരുന്നത്. 

ഇത്തവണ 1.10 ലക്ഷം വോട്ടുകള്‍ക്ക് സിദ്ധിപേട്ട് മണ്ഡലത്തില്‍ നിന്നും ഹരീഷ് റാവു വിജയിക്കുകയും ചെയ്തിരുന്നു. സംഘാടന മികവും പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനവുമായി ഹരീഷ് റാവു തിളങ്ങി നില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മകനെ ഏല്‍പ്പിക്കുന്നത്. 

തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും, വൈകാതെ സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ചുമതല രാമറാവുവിനെ ഏല്‍പ്പിക്കുക, ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുക തുടങ്ങിയവയാണ് ചന്ദ്രശേഖര റാവു ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് വിജയത്തില്‍ രാമറാവുവിന്റെ നേതൃത്വ മികവ് ഗുണം ചെയ്‌തെന്ന നിരീക്ഷണത്തോടെയാണ് നിയമനം പ്രഖ്യാപിച്ചിട്ടുള്ളത്. എംബിഎ ബിരുദ്ധാരിയായ രാമറാവു, അമേരിക്കയിലെ ജോലി ഉപേക്ഷിച്ചാണ് 2009 ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com