പ്രതിപക്ഷ ഐക്യത്തില്‍ തുടക്കത്തിലെ കല്ലുകടി; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അഖിലേഷും മായാവതിയുമില്ല, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിലും അതൃപ്തി 

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ നേട്ടത്തിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുക്കാനുളള കോണ്‍്ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ കല്ലുകടി
പ്രതിപക്ഷ ഐക്യത്തില്‍ തുടക്കത്തിലെ കല്ലുകടി; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അഖിലേഷും മായാവതിയുമില്ല, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിലും അതൃപ്തി 

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ നേട്ടത്തിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുക്കാനുളള കോണ്‍്ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ കല്ലുകടി. ഇന്ന് നടക്കാനിരിക്കുന്ന മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ബിഎസ്പിയും എസ്പിയും വിട്ടുനില്‍ക്കും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ നിര്‍ദേശിച്ചതിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ അതൃപ്തിയും പുറത്തുവന്നു. 

മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഒഴികെയുളള പ്രതിപക്ഷപാര്‍ട്ടികള്‍ അമര്‍ഷത്തിലാണ്. ഇത് അപക്വമായ നടപടിയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ പ്രധാനമന്ത്രിയുടെ പേരുനിര്‍ദേശിക്കാവൂ എന്ന മുന്‍ ധാരണ തെറ്റിച്ചിരിക്കുകയാണെന്നും എസ്പി, ടിഡിപി, ബിഎസ്പി, ടിഎംസി, എന്‍സിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. 

വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് നടക്കുന്ന മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ എസ്പിയും ബിഎസ്പിയും പങ്കെടുക്കില്ലെന്ന് മായാവതിയും അഖിലേഷ് യാദവും അറിയിച്ചു. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇരുവരും പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കരുണാനിധിയുടെ പ്രതിമാ അനാച്ഛാദനവേദിയിലായിരുന്നു രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചുളള സ്റ്റാലിന്റെ പ്രസ്താവന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞ സ്റ്റാലിന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് താന്‍ നിര്‍ദ്ദേശിക്കുന്നുവെന്നും പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണച്ചതോടൊപ്പം രാഹുല്‍ തമിഴനാടില്‍ നിന്ന് ജനവിധി തേടണമെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന് കഴിയുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി.എം.കെ ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാളയത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ അനാച്ഛാദനം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com