വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്.
വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥ് ആദ്യം കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്ന ഫയലില്‍ ഒപ്പിട്ടു. 

2018 മാര്‍ച്ച് 31 വരെയുള്ള രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ള ദേശ സാല്‍കൃത, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത എല്ലാ ലോണുകളും എഴുതി തള്ളി. 

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക എന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം. എന്നാല്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കമല്‍നാഥ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി. ഇത് മറ്റു സംസ്ഥാനങ്ങളിലും മാതൃകയാക്കി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണായുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 

മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് ബിജെപിയെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. പ്രക്ഷോഭങ്ങള്‍ക്ക് നേരെ നടന്ന വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് എതിരെയുള്ള വികാരം വര്‍ധിപ്പിച്ചിരുന്നു. നേരത്തെ, കര്‍ണാടകയിലും അധികാരത്തിലേറിയാല്‍ കര്‍ഷ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ പാലിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com